muchilote
ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിലംപണിക്ക് തുടക്കം കുറിച്ചപ്പോൾ

തൃക്കരിപ്പൂർ: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നിലംപണിക്ക് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്ര കൈലാസക്കല്ലിന് സമീപം നിലംകിളച്ചു കൊണ്ടാണ് നിലംപണി ആരംഭിച്ചത്. തുടർന്ന് ഉപദേവതമാരുടെ നർത്തകരുടെ നേതൃത്വത്തിൽ തുമ്പോട്ടി കൊണ്ട് തച്ച് ചാണകം തേച്ച് ശുദ്ധി വരുത്തി. കരിവെള്ളൂർ, തൃക്കരിപ്പൂർ തുടങ്ങിയ മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളിലെ സ്ഥാനികരും നർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഇനിയുള്ള ഒന്നര മാസക്കാലം വാല്യക്കാരും സ്ത്രീകളും നിലംപണിയിൽ പങ്കാളികളാവും. കന്നിക്കലവറ, കലവറകൾ, ഭക്ഷണപ്പുര, നാലിലപ്പന്തൽ തുടങ്ങിയവയുടെ നിർമ്മാണവും നടക്കും. ഫെബ്രുവരി 8 മുതൽ 11 വരെയാണ് കളിയാട്ടക്കാലം. ഇന്നലെ ക്ഷേത്രത്തിലെത്തിയ അയ്യായിരത്തോളം പേർക്ക് അന്നപ്രസാദവും ഒരുക്കിയിരുന്നു.