തലശ്ശേരി: ദേശീയപാതയിൽ കൊടുവള്ളി റെയിൽവേ ഗേറ്റിൽ വാഹനങ്ങൾ ഇടിച്ച് ട്രെയിൻ ഉൾപ്പെടെയുള്ള വാഹന യാത്ര താറുമാറാകുന്നത് നിത്യ സംഭവങ്ങളായി മാറുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെ മമ്പറത്ത് നിന്ന് വരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് റെയിൽവേ ഗേറ്റ് തകർന്നു. ഇതോടെ ട്രെയിനുകളും വൈകി ഓടി. ഗേറ്റ് അടക്കാൻ കഴിയാത്തതിനാൽ ട്രെയിനുകൾ കടന്ന് പോവാൻ സിഗ്നൽ നൽകാൻ കഴിയാത്തതിനാൽ ഔട്ടറിൽ നിർത്തിയിടുമ്പോൾ ഗേറ്റ് മാൻ പൈലറ്റായി പോയിട്ടാണ് ട്രെയിനുകൾ ഗേറ്റ് വഴി കടന്ന് പോവുന്നത്. തലശ്ശേരിയിൽ നിന്നും വരുന്ന ട്രെയിൻ കുയ്യാലി ഗേറ്റിനടുത്തും, കണ്ണൂരിൽ നിന്നും വന്ന ട്രെയിൻ ധർമടം പാലത്തിനടുത്തുമുള്ള സിഗ്നൽ പോസ്റ്റിനപ്പുറം നിർത്തിയിട്ട് , പൈലറ്റ് എത്തിയ ശേഷം കടന്ന് പോവുന്നത്. തലശേരിയിൽ നിന്നും മമ്പറം, അഞ്ചരക്കണ്ടി ഭാഗങ്ങളിൽ നിന്നും വരുന്നതും, പോവുന്നതുമായ വാഹനങ്ങൾ മറ്റ് പല വഴിക്കുമാണ് തിരിച്ച് വിട്ടത്. ഇതോടെ ദേശീയ പാതയിലും, കുയ്യാലി ഭാഗങ്ങളിലും വൻ ഗതാഗതക്കുരുക്കാണ് മണിക്കൂറുകളോളം അനുഭവപ്പെട്ടതും.