bhaskaran
ഇ. ഭാസ്‌കരന്‍

കണ്ണൂർ: ലൈഫ്‌ടൈം വിഭാഗത്തിൽ ഇന്ത്യൻ കബഡി ടീമിന്റെ പരിശീലകൻ ഇ. ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത് ഉത്തരമലബാറിന് അഭിമാനമായി. കണ്ണൂർ-കാസർകോട് ജില്ലകളിലെ കബഡി ആവേശത്തിന്റെ താര സാന്നിദ്ധ്യമാണ് ഇ. ഭാസ്‌കരൻ. നിലവിൽ ബെംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായി സേവനമനുഷ്ഠിക്കുന്നു.

2009 മുതൽ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു. 2010ൽ പുരുഷന്മാരുടെ ടീമിനും 2014ൽ വനിതാ ടീമിനും ഏഷ്യൻ ഗെയിംസ് സ്വർണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗിൽ യുമുംബെയെ ഒരിക്കൽ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി.

ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ കേരളത്തിൽ മാത്രം മുന്നൂറിനു മുകളിൽ ക്ലബുകൾ ഉണ്ടായിരുന്നെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സ്‌കൂൾ തലത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന കബഡി കബഡി വിളികൾ പിന്നെ പതിയെ പതിയെ കുറഞ്ഞുവന്നു. പ്രീമിയർ ലീഗുകളുടെ കാലത്തിൽ കച്ചവട കണ്ണുകൾ കബഡിയിൽ പതിഞ്ഞപ്പോൾ വീണ്ടും പ്രിയമേറുകയാണ് കബഡിക്ക്, പ്രോ കബഡി ലീഗിലൂടെ. പ്രോ ലീഗിൽ കേരളത്തിന്റെ ആധിപത്യം ഏറെയും പരിശീലകന്മാരിലൂടെയാണ്. അവരിൽ ആദ്യം വരുന്ന പേരാണ് കോച്ച് എടച്ചേരി ഭാസ്‌കരൻ എന്ന കണ്ണൂർക്കാരൻ.

കബഡിയുടെ തലവര മാറ്റുന്നതിൽ മുഖ്യ പങ്കുവെച്ച ഒരാളായി ഇ ഭാസ്‌കരനെ ചരിത്രം രേഖപ്പെടുത്തും.പതിമൂന്നാം വയസ്സിൽ കണ്ണൂരിന്റെ മണ്ണുകളിൽ, ആഘോഷിക്കപ്പെടാത്ത, കബഡി കളിച്ചു തുടങ്ങിയതാണ്. അമ്പതു വയസ്സ് പിന്നിട്ടിട്ടും അദ്ദേഹം പുതിയ മികവുമായി ഇന്നും സജീവമാണ്.