
കണ്ണൂർ: പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വി.എൻ. വാസവന്റെ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ വ്യക്തിപൂജയില്ല. അതാണ് നിലപാട്. നെഹ്‌റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ അദ്ദേഹം ഉദ്ദേശിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളെ ആയിരുന്നു. അതുപോലെയാകാം ഇതും.
പൊലീസ് കേസെടുത്തപ്പോൾ താൻ പേടിച്ചു പോയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ജനാധിപത്യ വിരുദ്ധമാണ്. അടിച്ചാൽ തിരിച്ചടിക്കുമെന്ന സതീശന്റെ നയം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിയമങ്ങൾ തനിക്ക് ബാധകമല്ല, തന്നെയാർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് ഇതിൽ നിന്നുവ്യക്തമാവുന്നത്. ചില മാദ്ധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
നവകേരള സദസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്. നവകേരള സദസിലേക്ക് യൂത്ത് കോൺഗ്രസ് കടന്നാക്രമണമാണ് നടത്തുന്നത്. ഏറ്റവും നല്ല ക്രമസമാധാനമാണ് കേരളത്തിലുള്ളത്. ഗവർണർ തെരുവിലിറങ്ങിയാലൊന്നും അതു തകരില്ലെന്നും അദ്ദേഹം പറഞ്ഞു.