
കണ്ണൂർ:പണമില്ലാത്തതിനെ തുടർന്ന് പുനർഗേഹം, ലൈഫ് മിഷൻ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെ മത്സ്യതൊഴിലാളികൾ.വേലിയേറ്റ പരിധിയിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വീടും ഫ്ലാറ്റും നൽകി പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി മാസങ്ങളായി ജില്ലയിൽ സ്തംഭിച്ച നിലയിലാണ്. 2018ന് ശേഷം പുനർഗേഹത്തിൽ ഉൾപ്പെടാത്ത മത്സ്യതൊഴിലാളികൾക്ക് ഒരു ഭവന പദ്ധതിയുടേയും ആനുകൂല്യം ലഭിച്ചിട്ടില്ല.
ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഭവന നിർമ്മാണത്തിനുള്ള സഹായം ലഭിക്കുന്നില്ലെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.നിലവിൽ ജില്ലയിൽ 500 ഓളം മത്സ്യതൊഴിലാളികളുടെ അപേക്ഷയാണ് ലൈഫ് പദ്ധതിയിൽ കെട്ടികിടക്കുന്നത്.ഇവരിൽ പലരും മൂന്നും നാലും വർഷം അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്.ഇവരുടെ അപേക്ഷ പരിഗണിച്ചതായി പോലും അറിവില്ലാത്ത സ്ഥിതിയാണ്.
ഫിഷറീസ് വകുപ്പ് വഴി മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.ഫിഷറീസ് വഴിയാകുമ്പോൾ ഒരു വർഷത്തേക്ക് നിശ്ചിത ഭവനം മത്സ്യ തൊഴിലാളികൾക്ക് ലഭിക്കുമെന്നും ഇവർ പറഞ്ഞു.
ഫിഷറീസ് ഭവനപദ്ധതി ഒഴിവായി
നേരത്തെ ഫിഷറീസ് വഴി മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതികൾ വിഭാവനം ചെയ്തിരുന്നു.ഈ പദ്ധതികളിലൂടെ ജില്ലയിൽ ഒരു വർഷം 500 മത്സ്യതൊഴിലാളികൾക്കെങ്കിലും ഗുണഫലം ലഭിച്ചിരുന്നു.എന്നാൽ ലൈഫ് മിഷൻ ആരംഭിച്ചതോടു കൂടി ഇത്തരം പദ്ധതികളെല്ലാം ഒഴിവാക്കി.ലൈഫ് മിഷനിൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായതിനാൽ മത്സ്യതൊഴിലാളികൾക്ക് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല.2017 ൽ തയ്യാറാക്കിയ പദ്ധതി ലിസ്റ്റിൽ എസ്.സി,എസ്.ടി ,മത്സ്യ തൊഴിലാളികൾ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു.ഇതെ തുടർന്ന് ഒരു റേഷൻ കാർഡിന് ഒരു ഭവനം മാത്രമേ അനുവദിക്കുകയുള്ളുവെന്ന മാനദണ്ഡവും ഭൂമിയുടെ പരിധിയും ഈ വിഭാഗങ്ങൾക്ക് ഒഴിവാക്കി കൊണ്ട് 2020 ൽ പുതിയ ലിസ്റ്റുണ്ടാക്കി.കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിരുന്നെങ്കിലും അത് മത്സ്യതൊഴിലാളി വിഭാഗത്തിന് കാര്യമായ പ്രയോജനമുണ്ടാക്കിയിട്ടില്ല.
പുനർ നിർമ്മാണം മുടങ്ങി
വീട് പുനർ നിർമ്മാണത്തിനും ഫിഷറീസ് വഴി പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല.2017 ന് ശേഷം ആറ് വർഷമായി റിപ്പയറിംഗ് സ്‌കീമെല്ലാം നിർത്തിയിട്ടാണുള്ളത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭവന നിർമ്മാണം പാതിവഴിയിലുപേക്ഷിച്ച മത്സ്യതൊഴിലാളികൾ നിരവധിയാണ്.കാലവർഷക്കെടുതിയിലും മറ്റുമായി നിരവധി മത്സ്യതൊഴിലാളികളുടെ വീട് തകർന്നിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല.