
മാഹി:സംസ്ഥാനത്തെ ഒൻപതാമത്തെയും വടക്കൻ കേരളത്തിലെ ആദ്യത്തേതും ബസിലിക്കയായി മാഹി അമ്മ ത്രേസ്യ തീർത്ഥാടനകേന്ദ്രത്തെ ഉയർത്തിയത് മലയാളമണ്ണിനുള്ള വത്തിക്കാന്റെ ക്രിസ്മസ് സമ്മാനമായി.
രാജ്യത്തെ തന്നെ ചരിത്രപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് മയ്യഴിയിലെ അമ്മത്രേസ്യയുടെ ദേവാലയം.
മാഹി ബസിലിക്കയെ ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള കൃതജ്ഞതാ ബലി ഉടനെ അർപ്പിക്കപ്പെടും.ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്നതിന്റെ മൂന്ന് അടയാളങ്ങൾ ഇനി മുതൽ മാഹി ദേവാലയത്തിൽ പ്രതിഷ്ഠിക്കും
നൂറ്റാണ്ടുകളുടെ ചരിത്രം
മാഹിയിൽ 1736ൽ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. ഇറ്റലിയിൽ നിന്നുള്ള ഫാ.ഡൊമിനിക് ഓഫ് സെന്റ് ജോൺ വടകരയ്ക്കടുത്ത് കടത്തനാട് രാജാവിന്റെ അനുമതിയോടെ 1723ൽ മാഹി മിഷൻ ആരംഭിച്ചതായി റോമിലെ കർമലീത്താ ആർക്കൈവ്സിലെ 'ദെ മിസ്സിയോനെ മാഹീനെൻസി മലബാറിബുസ് കൊമന്താരിയുസ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1736ൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തിൽ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788ൽ ആബിദുഷേനിൻ ദേവാലയം പുതുക്കിപ്പണിതു. 1855ൽ പണിതീർത്ത മണിമാളികയിൽ ഫ്രഞ്ച് മറീനുകൾ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956ൽ ദേവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010ൽ തീർഥാടനകേന്ദ്രത്തിൽ വിപുലമായ രീതിയിൽ നവീകരണപ്രവർത്തനങ്ങൾ നടത്തി.
ദേവാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ആവിലായിലെ വിശുദ്ധ .തെരേസയുടെ തിരുസ്വരൂപം കൊണ്ടുവന്ന പോർച്ചുഗീസ് കപ്പൽ മാഹി തീരത്ത് എത്തിയപ്പോൾ നിശ്ചലമായെന്നും അവിടെ രൂപം ഇറക്കണമെന്ന ദർശനമുണ്ടായെന്നുമാണ് ഐതിഹ്യം.
ബസലിക്കകൾ
റോമൻസഭയുമായും പരമോന്നത കത്തോലിക്ക സഭയുടെ അധികാരിയായ മാർപാപ്പായുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവവും അജപാലനവുമായ ആരാധനക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകൾ. ബസിലിക്കയായി ഉയർത്തപ്പെട്ടതോടെ തീർത്ഥാടനകേന്ദ്രം സന്ദർശിക്കുന്നവർക്ക് നിശ്ചിത ദിവസങ്ങളിൽ പൂർണ്ണദണ്ഡവിമോചനം സ്വീകരിക്കാൻ കഴിയും. ഉദാഹരണമായി, ബസിലിക്കയുടെ മധ്യസ്ഥയായ അമ്മ ത്രേസ്യയുടെ തിരുന്നാൾ ദിവസം, വിശുദ്ധരായ പത്രോസ് പൗലോസ്. അപ്പസ്‌തോലന്മാരുടെ തിരുന്നാൾ ദിനം, ബസിലിക്കയായി ഉയർത്തപ്പെട്ട വാർഷിക ദിനം എന്നീ ദിവസങ്ങളിൽ ദണ്ഡവിമോചനം അനുവദിക്കും.
ആരാധനക്രമം, കൂദാശകൾ, വലുപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, പ്രാചീനത, അന്തസ്സ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായമൂല്യം, ആരാധനാകേന്ദങ്ങൾ എന്നിവയടക്കം പരിഗണിച്ചതിനു ശേഷമാണ് മാർപാപ്പാ ഒരു ദേവാലയത്തെ ' ബസിലിക്കയായി ഉയർത്തുന്നത്.
മലയാളമണ്ണിലെ ഒൻപതാമത്തേത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേവലയങ്ങളെ ബസിലിക്കകളായി ഉയർത്തിയത് കേരളത്തിൽ ആണ്. കേരളത്തിൽ ആകെ 8 ബസിലിക്കകളും ഒരു മൈനർബസിലിക്കകളുമാണുള്ളത്.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക (നസ്രാണി പള്ളി),ഫോർട്ട് കൊച്ചി സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക,വല്ലാർപാടം പള്ളി,മഞ്ഞുമാത ബസിലിക്ക,തിരുവനന്തപുരം പാളയം സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക,സെന്റ് ജോർജ് ബസിലിക്ക അങ്കമാലി,ചമ്പക്കുളം വലിയ പള്ളി,അർത്തുങ്കൽ പള്ളി,പുത്തൻപള്ളി