
പയ്യന്നൂർ: നിയോജകമണ്ഡലാടിസ്ഥാനത്തിൽ മന്ത്രിസഭ സഞ്ചരിച്ചതു വഴി ചരിത്രത്തിലിടം നേടിയ നവകേരള സദസ്സിന് ശിൽപഭാഷ്യം ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇരുപത് മന്ത്രിമാരും കേരളത്തിന്റെ മുകളിലൂടെ വടക്ക് നിന്ന് നിന്ന് തെക്ക് വരെ നടക്കുന്ന വിധത്തിലാണ് ശിൽപം ഒരുക്കിയിട്ടുള്ളത്.
വട്ടിയൂർകാവ് മണ്ഡലത്തിൽ എത്തുന്ന നവ കേരളസദസിന് ആദരസൂകമായി സമർപ്പിക്കുന്നതിന് മണ്ഡലം എം.എൽ.എ , വി.കെ. പ്രശാന്തിന്റെ ആവശ്യ പ്രകാരം പ്രശസ്ത ശിൽപി ഉണ്ണി കാനായിയാണ് ശിൽപം ഒരുക്കിയത്. നിർമ്മാണ ഘട്ടത്തിൽ ശിൽപം വിലയിരുത്തിയ എം.എൽ.എ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. നാളെ വൈകീട്ട് വട്ടിയൂർകാവിൽ നടക്കുന്ന നവകേരള സദസ്സിന്റെ സമാപന സമ്മേളനത്തിൽ ശിൽപം മുഖ്യമന്ത്രിക്ക് ഉപഹാരമായി സമർപ്പിക്കും. ഇന്ന് ഉണ്ണി കാനായിയുടെ വീട്ടിലെ പണിപ്പുരയിൽ നിന്ന് ശിൽപം വട്ടിയൂർകാവിലേക്ക് കൊണ്ട് പോകും
ആദ്യം കളിമണ്ണിൽ മുഖ്യമന്ത്രിയുടെയും ഇരുപത് മന്ത്രിമാരുടെയും രൂപം പത്തിഞ്ച് ഉയരത്തിൽ നിർമ്മിച്ചതിന് ശേഷം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെറ്റൽ ഗ്ലാസ്സിലേക്ക് കാസ്റ്റ് ചെയ്താണ് ശിൽപം ഒരുക്കിയത്. ഇതിന് ശേഷം മെറ്റാലിക് നിറം നൽകി വുഡ് സ്റ്റാൻഡിൽ ഘടിപ്പിക്കുകയായിരുന്നു.
മൂന്നാഴ്ച്ചയെടുത്താണ് ഉണ്ണി കാനായി ശിൽപം പൂർത്തിയാക്കിയത്. സഹായികളായി എ.അനുരാഗ് , എം. ബിനിൽ , കെ.ബിജു , കെ.സുരേഷ് അമ്മാനപ്പാറ എന്നിവരും ഉണ്ടായിരുന്നു.മുഖ്യമന്ത്രിയുടെയും ഇരുപത് മന്ത്രിമാരുടെയും രൂപഭാവങ്ങളും നടത്തത്തിന്റെ പ്രത്യേകതകളും വരെ ശിൽപത്തിൽ പകർത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു.