photo-

പഴയങ്ങാടി: തെക്കുമ്പാട് ശ്രീ കൂലോം തായക്കാവ് ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി തെയ്യപ്രപഞ്ചത്തിലെ സ്ത്രീകൾ കെട്ടിയാടുന്ന ഏക കോലമായ ദേവക്കൂത്ത് അരങ്ങിലെത്തി.ഏഴു ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ടത്തിന്റെ നാലാം ദിവസമാണ് ദേവക്കൂത്ത് കെട്ടിയാടിയത്.

പുലർച്ചെ മുതൽ കരിഞ്ചാമുണ്ഡി, ചുഴലി ഭഗവതി, നാഗ കന്നി, വേട്ടയ്‌ക്കൊരുമകൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തിയതിന് ശേഷമാണ്. ദേവക്കൂത്ത് അരങ്ങിലെത്തിയത്. പിന്നീട് തായക്കാവിലേക്കു തിരുവായുധം എഴുന്നളളിപ്പ്, കലശം എഴുന്നളളിപ്പ്, ഇളം കോലം എന്നിവയുണ്ടായി.

ധാരാളം പൂക്കളും പ്രകൃതിഭംഗിയും ഇടതൂർന്നുനിൽക്കുന്ന വനങ്ങളും പുഴയും ചിത്രശലഭങ്ങളും നിറഞ്ഞുനിന്ന തെക്കുമ്പാടുമായി ബന്ധപ്പെട്ടതാണ് ദേവക്കൂത്തിന്റെ ഐതിഹ്യം.ഒരുനാൾ തോഴിമാർക്കൊപ്പം തെക്കുമ്പാട് എത്തി കാഴ്ചകൾ കണ്ട് നടന്നുനീങ്ങുന്നതിനിടയിൽ വഴിതെറ്റിപ്പോയ ദേവകന്യ ദൈവങ്ങളോട് സങ്കടം പറയുന്നതും ദേവലോകത്ത് നിന്ന് നാരദമഹർഷി എത്തി തിരിച്ചുകൊണ്ടുപോയെന്നുമാണ് ദേവക്കൂത്തിന്റെ പുരാവൃത്തം.ചടുലമായ താളങ്ങളോ വാദ്യങ്ങളോ ഇല്ലാതെ സ്ത്രീകൾ പാടുന്ന തോറ്റംപാട്ടിന്റെ വരികൾക്ക് അനുസരിച്ച് ചുവടുവെക്കുകയാണ് ദേവക്കൂത്ത് .