1

പാണത്തൂർ : കേരള അതിർത്തിയിൽ നിന്നും കുടക് സുള്ള്യ മേഖലകളിൽ നിന്നുമുള്ള വിനോദ സഞ്ചാരികൾക്ക് റാണീപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള എളുപ്പമാർഗമായ ചെമ്പേരി- പാറക്കടവ്- റാണിപുരം റോഡ് മെക്കാഡം ചെയ്യുന്നതിന് അഞ്ചു വർഷം മുമ്പാണ് കാസർകോട് പാക്കേജിൽ അഞ്ചുകോടി നീക്കിയത്. എന്നാൽ ഇന്നും എസ്റ്റിമേറ്റ് പോലും തയ്യാറാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നൂറുകണക്കിന് പട്ടികവിഭാഗം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് ശാപമോക്ഷം തേടുകയാണിപ്പോഴും.

പനത്തടി ഗ്രാമപഞ്ചായത്തിലെ ഏക പൊതുമരാമത്ത് റോഡാണിത്. നിരവധി പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും അഴകൊഴമ്പൻ മറുപടി നൽകി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തടിതപ്പുകയാണ്. ചെമ്പേരിയിൽ നിന്ന് പാറക്കടവ് വഴി മൊത്തം ആറ് കിലോമീറ്റർ ദൂരമാണ് ഈ റോഡിനുള്ളത്. ഇതിൽ 4.950 കിലോമീറ്റർ ആണ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. ഇതിൽ ഒന്നര കിലോമീറ്റർ മെക്കാഡം ചെയ്തു. ഒന്നേകാൽ കിലോമീറ്റർ സാധാരണ ടാറിംഗും. ബാക്കി ഭാഗം ചെമ്മൺ റോഡാണ്. നിലവിലുള്ള ടാർ റോഡ് ഉൾപ്പെടെ തകർന്നു കിടക്കുകയാണ്.

റോഡ് മുഴുവനായും മെക്കാഡം ചെയ്താൽ റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലെത്താൻ എളുപ്പമാണ്. പൊട്ടിപ്പൊളിഞ്ഞു കുഴികൾ നിറഞ്ഞു കിടക്കുന്ന ഈ റോഡിനെ ആശ്രയിക്കുന്ന മൂന്ന് കോളനികളിലായുള്ള 150 ഓളം പട്ടികവിഭാഗം കുടുംബങ്ങൾ കടുത്ത യാത്ര ദുരിതമാണ് അനുഭവിക്കുന്നത് .

ആനപ്പേടിയിൽ ജീവൻ പിടിച്ച്

എന്നും ആന ഇറങ്ങുന്ന റോഡിൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ പോലും കഴിയാത്ത വിധത്തിലാണ് പാറയും കല്ലും ഇളകി കിടക്കുന്നത്. വഴിയാത്ര പോലും ദുസഹമായ ഈ റോഡിലൂടെ വാഹനങ്ങൾ ഓടാറില്ല. സ്കൂൾ വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾ കിലോമീറ്ററുകൾ നടന്നു വേണം വിദ്യാലയങ്ങളിൽ എത്തിച്ചേരാൻ. റാണീപുരം റോഡിലേക്ക് കയറുന്ന ഭാഗത്ത് തോടും വലിയ കുന്നും കടക്കണം. മഴക്കാലം വന്നാൽ ഇരുഭാഗത്ത് നിന്നും ഒരു വാഹനത്തിനും കുന്നു കയറി വരാൻ പറ്റില്ല. പലരുടെയും വാഹനങ്ങൾ ഇങ്ങനെ വഴിയിൽ അകപ്പെട്ടിട്ടുണ്ട്. അപകടങ്ങളും പതിവാണ്. അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ നാട്ടുകാർ പിരിവെടുത്താണ് റോഡിലേക്ക് കയറി വരുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തത്. റോഡിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ജീവന് വിലയില്ലാത്ത സമീപനമാണ് അധികാരികളുടേതെന്ന് നാട്ടുകാർ പറയുന്നു.

കാസർകോട് വികസന പാക്കേജിൽ അഞ്ച് കോടി വകയിരുത്തിയെന്ന് മെമ്പറാകുന്നതിന് മുമ്പ് കേൾക്കാൻ തുടങ്ങിയതാണ്. ഇതുവരെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണ സമിതി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. നവകേരള സദസിൽ പരാതിയും നൽകിയിട്ടുണ്ട്. എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിച്ച് ജനങ്ങളുടെ യാത്ര പ്രശ്നം പരിഹരിക്കണം.

-പി.കെ സൗമ്യ മോൾ (വാർഡ് മെമ്പർ, പനത്തടി ഗ്രാമ പഞ്ചായത്ത്)