
കൊട്ടിയൂർ: മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലകളിൽ തണ്ടർബോൾട്ട്, പൊലീസും വീണ്ടും ഹെലികോപ്ടർ നിരീക്ഷണം നടത്തി. വയനാട്, കണ്ണൂർ ജില്ലകളിലെ വനപ്രദേശങ്ങളിലാണ് ഇന്നലെ ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്.വയനാട്ടിലെ മക്കിമല പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം, അയ്യൻകുന്ന് മേഖലകളിലെ വനപ്രദേശങ്ങളിലുമാണ് ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്.
മലയോര മേഖലയിൽ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിദ്ധ്യം ഉണ്ടായതോടെ പോലീസും, ആന്റി നക്സൽ സ്ക്വാഡും ശക്തമായ പരിശോധന നടത്തുന്നതിനിടെ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലകളിൽ തണ്ടർബോൾട്ടും മാവോവാദികളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് സംഘം എങ്ങോട്ട് പോയെന്ന് ഇപ്പോഴും വ്യക്തമല്ല. കർണാടക, തമിഴ്നാട് അതിർത്തി വനമേഖലകളിൽ സുരക്ഷ ശക്തമാക്കിയതിനാൽ മാവോയിസ്റ്റുകൾ കൊട്ടിയൂർ, ആറളം വഴി വയനാട് വനമേഖലകളിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്.
ഇതിനിടെ അയ്യൻകുന്നിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല പൊലീസ് സംഘം പദ്ധതി പ്രദേശത്ത്
തുടർപരിശോധന നടത്തിയിരുന്നു.വയനാട്ടിൽ നിന്നും പിടിയിലായ മാവോയിസ്റ്റ് സംഘത്തിൽ നിന്നുമാണ് ബാരാപോളിന് ഭീഷണിയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പരിശോധന തുടരും.