bus

കണ്ണൂർ: ക്രിസ്‌മസ് പുതുവത്സര അവധിക്കാലത്ത് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് കണ്ണൂർ - ബംഗളൂരൂ റൂട്ടിലെ സ്വകാര്യബസുടമകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ണൂർ, കാസർകോട്, കോഴിക്കോട് റൂട്ടിലേക്കുള്ള യാത്രാനിരക്കുകൾ ഇരട്ടിയോളമാണ് വർദ്ധിപ്പിച്ചത്.

മൂന്ന് ജില്ലകളിൽ നിന്നുള്ള നിരവധി പേർ ബംഗളൂരുവിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിൻ സർവീസ് കുറവായതിനാൽ ഭൂരിഭാഗം പേരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ബംഗളൂരു-കണ്ണൂർ റൂട്ടിലെ വിമാന നിരക്കിലും ഇരട്ടിയോളം വർദ്ധനയുണ്ടായി.
നിലവിൽ 2000 രൂപയിലധികമാണ് ബസുടമകൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. ഇതിൽ യാതൊരു ഏകീകരണവും ഇല്ല. കഴിഞ്ഞ ദിവസം ബംഗളൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിയ ഒരു സ്വകാര്യബസിന്റെ എ.സി സ്ലീപ്പർ ടിക്കറ്റ് നിരക്ക് 3290 രൂപയായിരുന്നു. സാധാരണ നിലയിൽ സ്ലീപ്പർ ടിക്കറ്റിന് 1000, നോൺ എ.സി 900, സെമി സ്ലീപ്പർ 800 എന്നിങ്ങനെയാണ് നിരക്ക്. സെമിസ്ലീപ്പർ ടിക്കറ്റ് നിരക്കിൽ 2700 രൂപയോളം വർദ്ധിപ്പിച്ചിട്ടുണ്ട്. വെബ്സൈറ്റ് മുഖേനയുള്ള ടിക്കറ്റ് ബുക്കിംഗ് നേരത്തെ നിർത്തലാക്കി ഫോൺ വഴിയാണ് ഇപ്പോൾ ബുക്കിംഗ് നടത്തുന്നത്. ടിക്കറ്റിന് ക്ഷാമമാണെന്ന് കാണിച്ച് പണം കൂട്ടി വാങ്ങാനുള്ള തന്ത്രമാണ് ഇതെന്ന് യാത്രക്കാർ പറയുന്നു.

റെയിൽവേയും ചതിച്ചു

കണ്ണൂർ - ബംഗളൂരു റൂട്ടിൽ അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നതാണ്. എന്നാൽ അതുണ്ടായില്ല. നിലവിൽ ഈ റൂട്ടിൽ ദിവസം രണ്ടു ട്രെയിനുകളും മംഗലാപുരത്ത് നിന്ന് ആഴ്ചയിൽ ഒരു ട്രെയിനുമാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചിരുന്നില്ല. ഈ ട്രെയിനുകളിലെ ടിക്കറ്റെല്ലാം ആഴ്ചകൾക്ക് മുമ്പേ ബുക്കിംഗ് ആകുകയും ചെയ്തു


ആശ്വാസമായി കെ.എസ്.ആർ.ടി.സി

കണ്ണൂരിൽ നിന്ന് ബംഗളൂരിലേക്കും തിരിച്ചും 21 മുതൽ കെ.എസ്.ആർ.ടി.സി അധിക സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. കണ്ണൂർ ഡിപ്പോയിൽ നിന്ന് സാധാരണ നടത്തുന്ന പത്ത് സർവീസുകൾക്ക് പുറമേ അധികമായി അഞ്ചു സർവീസുകളാണ് നടത്തിയത്. ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ് ബസുകളാണ് സർവീസ് നടത്തുന്നത്. സാധാരണ ദിവസങ്ങളിൽ എക്സ്‌പ്രസിന്-422, ഡീലക്സിന് 546 രൂപയാണെങ്കിൽ അധിക സർവീസുകൾക്ക് യഥാക്രമം 546, 679 രൂപയായിരുന്നു നിരക്ക്. കാസർകോട് ജില്ലയിൽ നിന്ന് ബസുകൾ കുറവായതിനാൽ അവരും കണ്ണൂരിൽ നിന്നുള്ള ബസുകളെയാണ് ആശ്രയിക്കുന്നത്.