
പാലക്കുന്ന് : മറുപുത്തരി ഉത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നടന്ന തേങ്ങയേറിൽ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികൾ. തൃക്കണ്ണ്യാലപ്പന്റെ തൃപ്പാദം കുളിർപ്പിക്കുന്ന അനുഷ്ഠാനമായാണ് തേങ്ങയേറിന് പിന്നിലെ സങ്കൽപം. മഹാവ്യാധികളിൽ നിന്ന് മോചനം കിട്ടാനും അഭിഷ്ടസിദ്ധിക്കുള്ള പ്രാർത്ഥനയായും നിരവധി ഭക്തരാണ് തേങ്ങയെറിയുന്നത്.
കർമ്മികൾ കല്ലൊപ്പിച്ചശേഷം ഓരോ പേർക്കും അനുവദിച്ച ഊഴമനുസരിച്ച് ദേവിദേവന്മാരെ വണങ്ങി ചെണ്ടമേളത്തിനൊത്ത് താളാത്മകമായി തേങ്ങകൾ തേങ്ങാക്കല്ലിൽ എറിഞ്ഞുടക്കുന്നതാണ് ചടങ്ങ്.
എറിയുന്ന നാളികേരങ്ങളിൽ ഒരെണ്ണമെങ്കിലും ഉന്നം പിഴച്ച് കല്ലിൽ തൊടാതെ പോയാൽ അടുത്ത മറുപുത്തരി നാളിൽ നേർച്ച തുടരണമെന്നാണ് പഴമക്കാർ പറയുന്നത്. ഉന്നം പിഴച്ചില്ലെങ്കിലും തുടർ വർഷങ്ങളിൽ പ്രാർഥനയായി തേങ്ങയെറിയുന്നവരുമുണ്ട്. കല്ലിൽ ഉടഞ്ഞു വീഴുന്ന തേങ്ങ കഷണങ്ങൾ, നിശ്ചിത വ്യാസത്തിൽ വടം കെട്ടി വേർതിരിച്ച പരിധിക്കകത്ത് നിന്ന് അവസാന തേങ്ങ എറിഞ്ഞുടയും വരെ ആരും എടുക്കില്ല. പുറത്ത് വീഴുന്നവ മത്സരാവേശത്തിൽ ആർക്കും സ്വന്തമാക്കാം. ഇന്നലെ തേങ്ങയെറിഞ്ഞവരിൽ 81വയസ്സ് പ്രായമുള്ള പള്ളം എരുത് വളപ്പ് തറവാട് കാരണവർ ആലിങ്കാൽ നാരായണനാണ് കൂട്ടത്തിൽ മൂപ്പൻ. പാക്കത്തെ അപ്പകുഞ്ഞിയും ഉദുമ വലിയ വളപ്പിൽ കൊട്ടൻ കുഞ്ഞിയും അദ്ദേഹത്തോടൊപ്പം 30 വർഷത്തിലേറെയായി തേങ്ങ എറിയുന്നുണ്ട്. രാവിലെ ബാലികമാർ താലപ്പൊലി സമർപ്പണം നടത്തി. വൈകുന്നേരം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു. ശേഷം മറുപുത്തരി സദ്യയും നടന്നു.