
പരിയാരം: പരിയാരത്തെ വൃദ്ധയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി നാമക്കൽ കുമാരപാളയം എലന്തക്കോട്ടെ ഗാന്ധിനഗർ സ്വദേശി സുള്ളൻ സുരേഷിനെ(35) പരിയാരം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെ തമിഴ്നാട്ടിലെ ജോലാർപേട്ട ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സുള്ളൻ സുരേഷ് പരിയാരം പൊലീസിന്റെ പിടിയിലായത്.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുള്ളൻ സുരേഷ് കർണാടകയിലേക്ക് കടക്കാനായി ഉച്ചയോടെ ജോലാർപേട്ട റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണ് പൊലീസ് സുള്ളനെ വലയിലാക്കിയത്. പരിയാരം എസ്.എച്ച്.ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ഇയാളെ പിടികൂടാൻ തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ എൺപതിലേറെ കോസുകളിൽ പ്രതിയാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു. പത്തു വർഷം മുമ്പ് തൃശൂർ ജില്ലയിലെ ഒരു കവർച്ചകേസിലും ഇയാൾ പിടിയിലായിരുന്നതായി പൊലീസ് പറഞ്ഞു. മോഷണത്തിനായി ഉപയോഗിച്ച കാറും ടവേര വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ട്രെയിനിലും റോഡിലും വലവിരിച്ച് 'പരിയാരം സ്ക്വാഡ്"
ട്രെയിനിലും റോഡ് മാർഗവുമായി രണ്ട് സംഘങ്ങളായിട്ടാണ് പൊലീസ് കഴിഞ്ഞ ഒരാഴ്ച്ചയായി സുള്ളൻ സുരേഷിനായി തിരച്ചിൽ നടത്തിയത്. ഷിജോ അഗസ്റ്റിൻ, അഷറഫ്, രജീഷ്, സയ്യിദ്, നൗഫൽ എന്നീ പൊലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ സുപ്രധാന വിവരങ്ങൽ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഡോക്ടർ ദമ്പതികളുടെ വീട്ടിൽനിന്നും കവർന്നത് 9 പവൻ
ഒക്ടോബർ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീർഅലിയുടെ വീടിന്റെ ജനൽ ഗ്രിൽസ് തകർത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവർന്ന കേസിലെ ഒന്നാംപ്രതിയാണ് കോയമ്പത്തൂർ സ്വദേശി സുള്ളൻ സുരേഷ്. ഈ കേസിൽ സുരേഷിന്റെ കൂട്ടാളികളായ മൂന്നുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സഞ്ജീവ്കുമാർ, ജെറാൾഡ്, രഘു എന്നിവരാണ് നേരത്തെ പിടിയിലായത്. ഇവർ റിമാൻഡിൽ കഴിയുകയാണ്. അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാൻ ബാക്കിയുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്തുവങ്കിലും തൊണ്ടിമുതൽ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.