
തലശ്ശേരി: തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിയിൽ നിന്നും ഗുരുദേവനാൽ പ്രതിഷ്ഠാപിതമായ തലശ്ശേരി ശ്രീജഗന്നാഥ സവിധത്തിലെത്തി തുള്ളൽചുവടുകൊണ്ട് സദസിനെ കൈയിലെടുത്ത് ഏഴുവയസുകാരി. സാരംഗിയെന്ന ഏഴുവയസുകാരിയാണ് അന്താരാഷ്ട്ര നൃത്തോത്സവത്തിൽ ശ്രദ്ധ നേടിയത്.
കൊവിഡ് കാലത്ത് വീട്ടിനകത്ത് വച്ച് നൃത്താദ്ധ്യാപിക കൂടിയായ അമ്മ സുനിതയുടെ ഓൺലൈൻ സോദാഹരണ ക്ലാസ്സുകൾ കണ്ടും കേട്ടുമാണ് ഈ രണ്ടാംക്ളാസുകാരിയുടെ ഉള്ളിൽ തുള്ളൽകല ഉറച്ചത്.സംരംഗിയുടെ സർഗ്ഗസിദ്ധി മനസ്സിലാക്കിയ അമ്മ ക്രമേണ കുട്ടിക്ക് തുള്ളലിന്റെ പാഠങ്ങൾ പകരുകയായിരുന്നു.അങ്ങനെ നാലര വയസ്സിൽ സംരംഗി ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചു.ലക്കിടി മൂന്നുണ്ണിപ്പറമ്പിൽ പ്രജിത്തിന്റെയും പൂവത്തിങ്കൽ സരിതയുടെയും മകളായ സാംരംഗിയുടെ പ്രകടനം ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയ കലാപ്രേമികളുടെ ഹൃദയം കവർന്നു.
കുട്ടിയുടെ പ്രായത്തിന് ഇണങ്ങുംവിധം ചെറിയ കിരീടവും ആടയാഭരണങ്ങളുമെല്ലാം അച്ഛൻ പ്രജിത്ത് സ്വന്തമായി നിർമ്മിച്ചായിരുന്നു അരങ്ങേറ്റം . ഒരുമണിക്കൂറോളം ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ സാരംഗിക്ക് അനായാസേന കഴിയുന്നുണ്ട്.കഴിഞ്ഞ മേയിൽ തൂത ഭഗവതിക്ഷേത്രത്തിലെ ഉത്സവവേദിയിൽ അമ്മയും മകളും ചേർന്ന് 'പാത്രചരിതം' തുള്ളൽകൃതി ഇരട്ടത്തുള്ളലായി അവതരിപ്പിച്ചിരുന്നു.സെമി ക്ലാസിക്കൽ നൃത്തവും പഠിച്ചിട്ടുള്ള സാരംഗി ആന്ധ്രയിലെ ശ്രീശൈലം ദക്ഷിണേന്ത്യൻ നൃത്തോത്സവത്തിലും, പൂരക്കാലത്ത് ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലും ചിലങ്കകെട്ടിയിട്ടുണ്ട്. ഇപ്പോൾ കലാമണ്ഡലം റോഷന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തവും ജലജ നന്ദകുമാറിന്റെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. അടുത്തവർഷം മേയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിക്കലാണ് അടുത്ത ലക്ഷ്യം. ഓട്ടൻതുള്ളലും സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി ഇതിനകം അമ്പതോളം വേദികൾ പിന്നിട്ട്കഴിഞ്ഞു.പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതിനിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സാരംഗി.
കഴിഞ്ഞ 22 വർഷങ്ങൾക്കുള്ളിൽ ആയിരത്തോളം വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുള്ള അമ്മ സരിതയ്ക്കു ലഭിച്ച ഉപഹാരങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്.രാജ്യാന്തര ഐഡൽ നൃത്തമഞ്ജരി പുരസ്‌കാരം, ദുർഗ്രശ്രീ പുരസ്‌കാരം, കലാഭൈരവ പുരസ്‌കാരം, ഭാരതീയ ബാലകൃതി സംസ്‌കൃതി പുരസ്‌കാരം എന്നിങ്ങനെ നീളുന്നു .അംഗീകാരമുദ്രകളുടെ നിര..
ഓട്ടൻതുള്ളലിനു പുറമേ, ഛത്തീസ്ഗഡ് സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ രണ്ടാം റാങ്കോടെ ബിരുദവും നേടിയിട്ടുള്ള സരിത ഓട്ടൻതുള്ളലിൽ ഒട്ടേറെ ശിഷ്യരുടെ ഗുരുവാണ്. അവരിൽ പലരും സംസ്ഥാന സ്‌കൂൾ കലോത്സവം ഉൾപ്പെടെയുള്ള മത്സരവേദികളിൽ നേട്ടങ്ങൾകൊയ്തിട്ടുമുണ്ട്