
കണ്ണൂർ: ക്രിസ്‌മസ് - ന്യൂഇയർ വിപണിയിൽ ജനങ്ങൾക്ക് ആശ്വാസമാകാൻ ഇത്തവണ സപ്ലൈകോ ഇല്ല. കൺസ്യൂമർ ഫെഡിന്റെ വിപണിയിലൂടെയാകട്ടെ, സാധനങ്ങൾ ലഭിക്കുക ദിവസം 300 പേർക്ക് മാത്രം. ഇതോടെ സബ്‌സിഡി നിരക്കിൽ സാധനം വാങ്ങി ക്രിസ്‌മസ് പുതുവത്സര ആഘോഷം കേമമാക്കാമെന്ന മോഹം ജനങ്ങൾ ഉപേക്ഷിച്ചു.
30 വരെ 7 ദിവസമാണ് കൺസ്യൂമർ ഫെഡ് വഴി വിതരണം നടക്കുക. ക്രിസ്‌മസ് ദിവസം അവധിയായിരിക്കും. ജില്ലയിൽ കണ്ണൂർ പൊലീസ് മൈതാനിയിൽ മാത്രമാണ് വിപണിയുള്ളത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടു കൂടിയും ആട്ട, മൈദ, റവ, ക്രിസ്‌മസ് കേക്ക്, ത്രിവേണി തേയില തുടങ്ങിയ ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ വില കുറച്ചും ഒരുക്കിയിട്ടുണ്ട്. കൺസ്യൂമർ ഫെഡിന്റെ ക്രിസ്‌മസ്-പുതുവത്സര വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ സബ്സിഡി നിരക്കിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും വാങ്ങണമെന്നാണു വ്യവസ്ഥ. മുഴുവൻ സാധനങ്ങളും വാങ്ങാത്തവർക്ക് സബ്‌സിഡി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
വിതരണം ടോക്കൺ മുഖേന
ഓരോദിവസം 300 പേർക്ക് ടോക്കൺ മുഖേനയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. രാവിലെ 9.30ന് ടോക്കൺ നൽകി 10 മുതൽ വിതരണം തുടങ്ങും. റേഷൻ കാർഡുമായെത്തുന്നവർക്കാണ് ടോക്കൺ നൽകുക. കഴിഞ്ഞ ദിവസം സാധനങ്ങൾ വാങ്ങാനെത്തിയ പലർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. 300 പേർക്കായിരുന്നു ടോക്കണെങ്കിലും അതിന്റെ ഇരട്ടിയിലേറെ ആളുകൾ എത്തുന്നുണ്ട്. ടോക്കൺ കിട്ടാത്തവർ നിരാശയോടെ മടങ്ങുകയാണ്.
പരിതാപകരം സപ്ലൈകോ
അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുമ്പോഴും സാധാരണക്കാരന് സപ്ലൈകോ ആശ്വാസമായിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസത്തോളമായി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കെത്തുന്നത് പേരിന് മാത്രം. സാധാരണ ഓണം, ക്രിസ്‌മസ് തുടങ്ങിയ ആഘോഷങ്ങൾക്ക് രണ്ടാഴ്ച മുമ്പേ സർക്കാർ സപ്ലൈകോ ഫെയറുകൾ ആരംഭിക്കുമായിരുന്നു.
സബ്സിഡി ഉത്പന്നങ്ങളായ പഞ്ചസാര, വൻപയർ, കടല, ഉഴുന്ന്, പരിപ്പ്, വറ്റൽ മുളക്, പച്ചരി, ആട്ട തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഒന്നും സപ്ലൈകോയിൽ ഇല്ല. വെളിച്ചെണ്ണ മാത്രമാണുള്ളത്. ചിലയിടത്ത് പരിപ്പുമുണ്ട്. സബ്സിഡി സാധനങ്ങൾ കുറഞ്ഞതോടെ വില്പനയും പകുതിയായി കുറഞ്ഞു. സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകുന്ന കമ്പനികൾക്ക് കോടികൾ കുടിശ്ശികയായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.