kadannappally-ramachandra

കണ്ണൂർ: മന്ത്രിസഭ പുനഃസംഘടനയിലൂടെ രാമചന്ദ്രൻ കടന്നപ്പള്ളിയെ തേടിയെത്തുന്നത് മന്ത്രിക്കുപ്പായത്തിൽ മൂന്നാമൂഴം. എല്ലാവരുമായും നിറഞ്ഞ സൗഹൃദം പുലർത്തുന്ന കടന്നപ്പള്ളിയുടെ മന്ത്രിസ്ഥാനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയുണ്ട്.

മുന്നണിയിലെ ചെറുപാർട്ടിയാണെങ്കിലും കോൺഗ്രസ് എസിനും കടന്നപ്പളളിക്കും എൽ.ഡി.എഫ് എന്നും മികച്ച പരിഗണന നൽകിയിരുന്നു. മുന്നണിയോടും സി.പി.എമ്മിനോടും എല്ലാഘട്ടത്തിലും വിശ്വാസ്യത കാത്തുസൂക്ഷിച്ചു എന്നതാണ് കടന്നപ്പള്ളിയുടെ പ്ലസ് പോയിന്റ്. ജനകീയനേതാവ് എന്ന വിശേഷണവും ഈ പരിഗണനയ്ക്ക് കാരണമായി. 2016ൽ ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലും കടന്നപ്പള്ളിക്ക് ഇടംകിട്ടിയിരുന്നു. തുറമുഖം, പുരാവസ്തു വകുപ്പുകളായിരുന്നു ലഭിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ആദ്യഘട്ടത്തിൽ പേര് ഉയർന്നെങ്കിലും മുന്നണിയുടെ ആവശ്യം പരിഗണിച്ച് രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മന്ത്രിസഭാ പ്രവേശനം ലഭിച്ചിരിക്കുന്നത്.

1971ൽ നിയമ വിദ്യാർത്ഥിയായിരിക്കെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ.കെ. നായനാരെ തോൽപ്പിച്ചാണ് കടന്നപ്പള്ളി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1977ൽ രാമണ്ണറെയെ തോൽപ്പിച്ച് വീണ്ടും കാസർകോടിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചു. 1980ൽ ഇരിക്കൂറിൽ നിന്ന് എം.എൽ.എആയി. 2006-11 വരെ എടക്കാട് എം.എൽ.എ. ആ കാലയളവിൽ 2009 ഓഗസ്റ്റ് 17 മുതൽ 2011 മേയ് 14 വരെ വി.എസ് മന്ത്രിസഭയിൽ ദേവസ്വം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ് മന്ത്രിയായി. എം.പിയായിരിക്കെ റെയിൽവേ, കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, ലോക്‌സഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1960ൽ കെ.എസ്.യു കണ്ണൂർ താലൂക്ക് പ്രസിഡന്റായി.
65ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും 69ൽ പ്രസിഡന്റുമായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ, കോൺഗ്രസ് പിളർന്നപ്പോഴാണ് 1980ൽ എൽ.ഡി.എഫിൽ എത്തിയത്. അന്ന് കൂടെയുണ്ടായിരുന്ന എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ തിരികെ കോൺഗ്രസിലേക്ക് പോയെങ്കിലും കടന്നപ്പള്ളി എൽ.ഡി.എഫിൽ ഉറച്ചുനിന്ന് ഇരിക്കൂർ നിയമസഭാംഗമായി.

29ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുമ്പോൾ പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകൂടിയ മന്ത്രിയെന്ന വിശേഷണവും കടന്നപ്പള്ളിക്ക് സ്വന്തം. പയ്യന്നൂർ കടന്നപ്പള്ളിയിലെ പരേതരായ പി.വി. കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ. പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: ടി.ആർ. സരസ്വതി. അവിയൽ ബാൻഡിലെ സംഗീതജ്ഞനായ മിഥുനാണ് മകൻ. മരുമകൾ: ബിജിബാല.

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വകുപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തും. ജനങ്ങളോട് സത്യസന്ധതയും വിശ്വാസ്യതയും പുലർത്തും.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.