kudum

സംസ്ഥാനത്ത് ഇതിനകം നിലവിൽ വന്നത് 20,000 ഗ്രൂപ്പുകൾ

കാസർകോട്: പതിനെട്ടിനും നാല്പതിനും ഇടയിൽ പ്രായമുള്ള യുവതികൾക്ക് പ്രതീക്ഷ നൽകി ഓക്സിലറി (സഹായ) ഗ്രൂപ്പുകൾ സജീവമാകുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് 50 യുവതികൾ അംഗങ്ങളാകുന്ന ഓക്സിലറി ഗ്രൂപ്പുകൾ ഓരോ വാർഡിലും രൂപീകരിക്കുകയാണ്. കൂടുതൽ യുവതികൾ രംഗത്ത് വന്നാൽ വാർഡുകളിൽ സഹായ ഗ്രൂപ്പുകൾ ഒന്നിലധികമാകും.

എന്നാൽ സഹായ ഗ്രൂപ്പുകൾ സംബന്ധിച്ച രൂപഘടനയിൽ അവ്യക്തത നിലനിൽക്കുകയും ബൈലോ തയാറാകാത്തതും കാരണം ആശയക്കുഴപ്പം നിലവിലുണ്ട്. സ്വന്തമായി രൂപഘടന ഇല്ലാത്തതിനാൽ ഫണ്ട് ചിലവഴിക്കുന്നതിൽ തടസവും നേരിടുന്നുണ്ട്. ഓരോ വാർഡിലും അഞ്ചു വളണ്ടിയർമാർ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇപ്പോൾ ഓക്സിലറി ഗ്രൂപ്പിന്റെ നിയന്ത്രണം. നിലവിൽ ഈ വളണ്ടിയർമാർക്ക് പരിശീലനം നൽകി വരികയാണ്.

ത്രിതല ഭരണ സംവിധാനത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ മേൽനോട്ടം വഹിക്കണം. ജില്ലാതലത്തിൽ ജില്ലാ കോ ഓഡിനേറ്ററുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ മിഷന് ആണ് ഗ്രൂപ്പുകളുടെ നിയന്ത്രണം. കുടുംബശ്രീ യൂണിറ്റിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമാണ് അംഗമാകാൻ കഴിയുക. എന്നാൽ ഓക്സിലറി ഗ്രൂപ്പിൽ താല്പര്യമുള്ള എല്ലാ യുവതികൾക്കും അംഗമാകാൻ പ്രയാസമുണ്ടാകില്ല. കുടുംബശ്രീ രൂപം കൊണ്ടിട്ട് 25 വർഷം കഴിഞ്ഞു. അന്ന് മുതൽ അംഗങ്ങളായവർക്ക് ഇപ്പോൾ പ്രായാധിക്യമായെന്ന തിരിച്ചറിവും കുടുംബശ്രീ മിഷനുകൾക്കുണ്ട്. പുതിയ പദ്ധതികൾ നടപ്പിലാക്കാനും ഏറ്റെടുക്കാനും പുതിയ തലമുറയിലെ സ്ത്രീകൾ വരണമെന്ന കാഴ്ചപ്പാടിലാണ് യുവതികളുടെ സഹായ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്. ഇതിനകം 20,000 ഗ്രൂപ്പുകൾ സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്.

ലക്ഷ്യങ്ങൾ

1. സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹ്യ ഉന്നമനത്തിനും സഹായിക്കൽ.

2. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുക, സജീവമാവുക.

3. ലഹരിക്കെതിരെയുള്ള ജാഗ്രത സമിതികളുടെ ക്യാമ്പയിനുകളിൽ സഹകരിക്കുക.

4. സുസ്ഥിരമായ ഉപജീവന മാർഗം സാധ്യമാക്കുന്നതിന് അവസരം സൃഷ്ടിക്കുക.

5. സ്ത്രീധനം പോലുള്ള സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യാൻ പൊതുവേദി ഉണ്ടാക്കുക.

6. ഗാർഹിക പീഡനം മുതലായ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കുക.

7. രാഷ്ട്രീയം ജാതി മതം വ്യത്യാസമില്ലാതെ ഒരുമിക്കാൻ യുവതികളെ സജ്ജരാക്കുക.

പഠനം, തൊഴിൽ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഓക്സിലറി ഗ്രൂപ്പുകളിൽ യുവതികളെ എത്തിക്കുന്നത് എളുപ്പമാകില്ല. ഗ്രൂപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരാനുണ്ടെങ്കിലും അതുമായി മുന്നോട്ട് പോവുകയാണ്. അനാചാരങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ കൂട്ടായ്മ വളർത്തുന്നതിനും കലാസംസ്ക്കാരിക രംഗത്തെ മികവിനും പുതിയ തലമുറയെ തൊഴിലിന് പ്രാപ്തരാക്കുന്നതിനും ഓക്സിലറി ഗ്രൂപ്പുകൾക്ക് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും.

ടി.ടി സുരേന്ദ്രൻ

(ജില്ലാ കോ ഓഡിനേറ്റർ കുടുംബശ്രീ മിഷൻ, കാസർകോട്)