kuzhal
കുഴൽ പണം പിടികൂടി

കണ്ണൂർ: ക്രിസ്‌മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിൽ കുഴൽ പണം പിടികൂടി. കോഴിക്കോട് മാങ്കാവ് സ്വദേശി സുരേഷ് കുമാറി(52)ൽ നിന്ന് 13,60,300 രൂപയാണ് ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണിയുടെയും റെയിൽവേ പൊലീസ് എസ്.എച്ച്.ഒ കെ.വി ഉമേഷിന്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ എത്തിച്ചേർന്ന ഏറനാട് എക്സ്‌പ്രസിൽ നിന്നിറങ്ങിയ സുരേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്ന് ആവശ്യമായ രേഖകളൊന്നുമില്ലാത്ത പണം കിട്ടിയത്. പരിശോധനയിൽ വി.വി സഞ്ജയ്‌, ചന്ദ്രൻ, സജീവ്, സജേഷ്, അഷ്‌റഫ്‌, സുരേഷ് കക്കറ എന്നിവരും പങ്കെടുത്തു.