പരിയാരം: ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ കോർത്തിണക്കി സൂഹൃത്തുക്കളെയും നാട്ടുകാരെയും ക്ഷണിച്ച് സംഗീത സദ്യയൊരുക്കി ആയിപ്പുഴ പത്മനാഭൻ. ഗുജറാത്ത് വോൾട്ടാസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദേഹം നന്നെ ചെറുപ്പം തൊട്ടുതന്നെ സംഗീതാസ്വാദകനായിരുന്നു. പരിയാരം കുറ്റ്യേരി സ്വദേശിയായ പത്മനാഭൻ വർഷങ്ങളായി ബംഗളൂരുവിലാണ് താമസം.
75കാരനായ അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു തനിക്കിഷ്ടപ്പെട്ട പഴയ ഗാനങ്ങളുടെ സ്റ്റേജ് അവതരണം. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നാട്ടുകാരെയും ക്ഷണിച്ചുവരുത്തി നരിക്കോട് ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിലാണ് ഗാനമാല എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ മ്യൂസിക് ലൈവ് എന്ന ഗായകസംഘവും പത്മനാഭന് കൂട്ടായി എത്തി.
1982 വരെയുള്ള തമിഴ്, മലയാളം, ഹിന്ദി ഗാനങ്ങളാണ് അവതരിപ്പിച്ചത്.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിലെ 1962 - 63 എസ്.എസ്.എൽ.സി ബാച്ചിലെ പത്മനാഭന്റെ സഹപാഠികൾ പ്രായത്തിന്റെ അവശതകൾ മറന്ന് പരിപാടിക്കെത്തിയിരുന്നു. ക്ഷണിച്ചവരെ കൂടാതെ കേട്ടറിഞ്ഞവരും പരിപാടി ആസ്വദിക്കാനെത്തി. പത്മനാഭന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കാളികളായി. ഗാനമേള ആസ്വദിക്കാനെത്തിയ എല്ലാവർക്കും ചായയും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
പാട്ടുകൾ ആരുടേതായാലും ആസ്വദിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ അന്നും ഇന്നും ബാലമുരളീകൃഷ്ണയാണ്. കാലം അനുവദിക്കുകയാണെങ്കിൽ ഇഷ്ടപ്പെട്ട പാട്ടുകൾ കോർത്തിണക്കി ഇനിയും സംഗീതസദ്യ ഒരുക്കും.
ആയിപ്പുഴ പത്മനാഭൻ