കാഞ്ഞങ്ങാട്: കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായ നീലേശ്വരം - ചിത്താരി കൃത്രിമ ജലപാതാ പദ്ധതിക്കെതിരെ കൃത്രിമ ജലപാതാ വിരുദ്ധ ജനകീയമുന്നണി പ്രതിഷേധ മാർച്ച് നടത്തി. ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ തങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് എന്നും ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും എന്നാൽ മാത്രമേ ഇത്തരം പദ്ധതികളെ അകറ്റി നിർത്താൻ സാധിക്കുവെന്നും വികസിത രാജ്യങ്ങളെപ്പോലെ നമുക്കും എല്ലാ ജില്ലകളിലും ചെറു വിമാനത്താവളങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കാരാട്ട് വയൽ പദ്ധതി പ്രദേശത്ത് സമാപിച്ചു. കൺവീനർ ഹരികൃഷ്ണൻ കുന്നത്ത്, കമാൻഡർ ടി.വി ദാമോദരൻ, മുൻ കൗൺസിലർ എം. കുഞ്ഞികൃഷ്ണൻ, പുരുഷോത്തമൻ, മാധവൻ, പി.വി പവിത്രൻ എന്നിവർ സംസാരിച്ചു.