പാനൂർ: പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ അസം സ്വദേശിക്കും രണ്ട് മക്കൾക്കും പരിക്ക്. സെയ്ദലി (45), മക്കളായ നൂറുദ്ദിൻ, അബ്ദുൾ മുത്തലബ് എന്നിവർക്കാണ് പരിക്കേറ്റത്. സെയിദ് അലിയുടെ കൈകൾക്കും കാലിനും കണ്ണിനും മറ്റും ഗുരുതരമായ പരിക്കേറ്റു. പത്തും 8 വയസ്സുള്ള മക്കളുടെ പരിക്ക് ഗുരുതരമല്ല. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.
ഇന്നലെ രാവിലെ ആക്രി സാധനങ്ങൾ പരിശോധിച്ച് വേർതിരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മൂഴി വയലിൽ ചാലിൽ വീട് വാടകക്കെടുത്ത് അസം സ്വദേശികളായ ഇരുപതോളം പേർ പല ഭാഗങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ച് ഏതാനും മാസങ്ങളായി ഇവിടെ താമസിച്ചു വരികയാണ്. രാവിലെ വലിയ ശബ്ദത്തിലുള്ള
സ്‌ഫോടനം കേട്ടാണ് ചുറ്റിലുമുള്ളവർ ഓടിയെത്തിയത്. പരിക്കേറ്റവരെ ആദ്യം കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചു. സെയിദ് അലിയുടെ പരിക്കു ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഉന്നത
പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കതിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.