
രണ്ടാം പിണറായി മന്ത്രി സഭയിലെ തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ ജില്ലയിൽ നിന്നുള്ള മന്ത്രിസഭ അംഗം മുഖ്യമന്ത്രി മാത്രമായിരുന്നു. മുന്നണിയിലെ മുഴുവൻ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ അംഗത്വം നൽകുന്നതിന്റെ ഭാഗമായി ഒരു എം.എൽ.എ മാത്രമുള്ള കക്ഷികൾക്ക് രണ്ടര വർഷം വീതമായിരിക്കും അവസരമെന്ന് 2021ൽ എൽ.ഡി.എഫ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റോഡ്, ജലഗതാഗത മോട്ടോർ വാഹന മന്ത്രിയായ ആന്റണി രാജുവും തുറമുഖം, മ്യൂസിയം, പുരാവസ്തു മന്ത്രിയായ അഹമ്മദ് ദേവർകോവിലും സ്ഥാനം രാജിവച്ചു. ആ ഒഴിവിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രി സഭയിലേക്കെത്തും. കടന്നപ്പള്ളിയുടെ വരവ് മുഖ്യമന്ത്രിക്ക് പുറമേ മറ്റൊരു മന്ത്രിയെ കൂടി കണ്ണൂരിന് സമ്മാനിക്കുകയാണ്. മൂന്നാംതവണയാണ് കടന്നപ്പള്ളി മന്ത്രിയാകുന്നത്. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ 2009 -2011 കാലഘട്ടത്തിൽ ദേവസ്വം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി ഒന്നാം പിണറായി സർക്കാരിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
നായനാരെ
തോൽപിച്ച് തുടക്കം
സാക്ഷാൽ ഇ.കെ നായനാരെ പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളി തന്റെ തിരഞ്ഞെടുപ്പ് വിജയഗാഥ ആരംഭിക്കുന്നത്. 1971ലായിരുന്നു അത്. അന്ന് 28,404 വോട്ടിന് ജയിച്ച കടന്നപ്പള്ളി 1977ൽ വീണ്ടും കാസർകോട് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എ.കെ.ജി. മൂന്നുതവണ ജയിച്ചുകയറിയ മണ്ഡലത്തിലായിരുന്നു അന്ന് ഇരുപത്തിയാറുകാരനായ കടന്നപ്പള്ളി നായനാരെ മുട്ടു കുത്തിച്ചത്. പിന്നീടായിരുന്നു കടന്നപ്പള്ളിയുടെ ഇടത് മുന്നണി പ്രവേശനം. അടിയന്തിരാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് 1978ൽ എ.കെ ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചു. 1980ൽ ആന്റണിയുടെ നേതൃത്വത്തിൽ കടന്നപ്പള്ളി ഉൾപ്പടെ കോൺഗ്രസ്(എ) വിഭാഗം ഇടതുമുന്നണിയിൽ ചേരുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം ആന്റണി യു.ഡി.എഫിലേക്ക് തിരിച്ചു പോയപ്പോൾ കടന്നപ്പള്ളി ഇ.കെ നായനാർക്കൊപ്പം ഇടതു മുന്നണിയിൽ തുടർന്നു. അന്ന് എൽ.ഡി.എഫിന്റെ ഭാഗമായ കടന്നപ്പള്ളി 43 വർഷമായി ആ മുന്നണിക്കൊപ്പമാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തൽ കൂടിയാണ് കടന്നപ്പള്ളി പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നത്. മാതമംഗലം കണ്ടോന്താർ ഇടമന യു.പി. സ്കൂളിൽ ഐ.എസ്.യു. യൂണിറ്റ് പ്രസിഡന്റായാണ് തുടക്കം. പിന്നീട് കെ.എസ്.യു. കണ്ണൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. അതിന് ശേഷം സംസ്ഥാന പ്രസിഡന്റുമായി. 1989ൽ കോൺഗ്രസ് (എസ്) സംസ്ഥാന ജന. സെക്രട്ടറിയായി. 90 മുതൽ പ്രസിഡന്റും. പി.വി. കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ. പാർവതിയമ്മയുടെയും മകനായി 1944ലാണ് ജനനം. ഭാര്യ: റിട്ട. അദ്ധ്യാപിക ടി.ആർ. സരസ്വതി. മകൻ പി.വി. മിഥുൻ പ്രശസ്ത ഡ്രമ്മറാണ്. തോട്ടടയിലെ ജവാഹർ നഗർ ഹൗസിങ് കോളനിയിലാണ് താമസം.
നാല് തവണ
എം.എൽ.എ
രണ്ട് തവണ എം.പി ആയ കടന്നപ്പള്ളി നാല് തവണ എം.എൽ.എയുമായി. അടിയന്തിരാവസ്ഥയുടെ ഭാഗമായി ഇടതുമുന്നണിയിലെത്തിയ കടന്നപ്പള്ളി ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ 1980ൽ മത്സരിച്ച് ജയിച്ചു. നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു അത്. പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ പരാജയമായിരുന്നു കടന്നപ്പള്ളിക്ക് നേരിടേണ്ടി വന്നത്. 1987ലും 1991ലും പേരാവൂരിൽ നിന്ന് നിയമസഭയിലേക്കും 1996ൽ കണ്ണൂരിൽ നിന്ന് ലോക്‌സഭയിലേക്കുമാണ് പരാജയപ്പെട്ടത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ മത്സരിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട്, കണ്ണൂരിൽ നിന്നാണ് 2016ൽ ജയിക്കുന്നത്. സിറ്റിംഗ് എം.എൽ.എ ആയ എ.പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയാണ് അന്ന് കണ്ണൂർ കടന്നപ്പള്ളിയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്. 2021ൽ വീണ്ടും കണ്ണൂരിൽ ജനവിധി തേടി അട്ടിമറി വിജയം നേടുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റായിരുന്ന സതീശൻ പാച്ചേനിയായിരുന്നു എതിരാളി. എം.പി.യായിരിക്കെ റെയിൽവേ, കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി, ലോക്സഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.
ആദ്യത്തെ കാത്തിരിപ്പ്
29 വർഷം
ഒന്നാം പിണറായി സർക്കാരിൽ മുഴുനീള മന്ത്രിയായിരുന്നു കടന്നപ്പള്ളി. ഇത്തവണ കാത്തിരിക്കേണ്ടി വന്നത് രണ്ടര വർഷം. എന്നാൽ മന്ത്രി പദത്തിനായി കടന്നപ്പള്ളി കാത്തിരിക്കുന്നത് ഇതാദ്യമല്ല. 26-ാം വയസിൽ പാർലമെന്ററി സംവിധആനത്തിന്റെ ഭാഗമായ കടന്നപ്പള്ളി മന്ത്രിയാകുന്നത് തന്റെ 64-ാം വയസിലാണ്. 1980ൽ ഇരിക്കൂറിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ കടന്നപ്പള്ളി 2009ൽ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിലാണ് ആദ്യമായി അംഗമാകുന്നത്. തന്റെ ആദ്യ നിയമസഭ വിജയം കഴിഞ്ഞ് 29 വർഷമെടുത്തു കടന്നപ്പള്ളി മന്ത്രിയാകാൻ. അതും അച്യുതാനന്ദൻ സർക്കാരിന്റെ മൂന്നാം വർഷത്തിലാണ് മന്ത്രിയായത്. ജി.സുധാകരൻ കൈവശം വച്ചിരുന്ന ദേവസ്വം വകുപ്പിൽ വിവാദങ്ങൾ നിറഞ്ഞതോടെയാണ് 2009ൽ ആ വകുപ്പ് കടന്നപ്പള്ളിയെ തേടിയെത്തുന്നത്.
മുന്നണിയിലെ ചെറു പാർട്ടിയാണങ്കിലും കോൺഗ്രസ് എസിനും കടന്നപ്പള്ളിക്കും എൽ.ഡി.എഫ്. എന്നും മികച്ച പരിഗണന നൽകിയിരുന്നു. മുന്നണിയോടും സി.പി.എമ്മിനോടും എല്ലാ ഘട്ടത്തിലും വിശ്വാസ്യത കാത്തു സൂക്ഷിച്ചു എന്നതാണ് കടന്നപ്പള്ളിയുടെ പ്ലസ് പോയിന്റ്. എൽ.ഡി.എഫുമായി തുടക്കം മുതലുള്ള ചങ്ങാത്തമാണ് അദ്ദേഹത്തി
ന്റെ കരുത്ത്. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത് കടന്നപ്പള്ളിയെ ഇത്തവണ തേടിയെത്താനിടയുള്ളതു തുറമുഖ വകുപ്പു തന്നെയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത് ഒന്നാം പിണറായി സർക്കാരിൽ ആ വകുപ്പ് കൈകാര്യം ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 29ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേൽക്കുമ്പോൾ പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയെന്ന വിശേഷണവും കടന്നപ്പള്ളിക്ക് സ്വന്തമാകും. അനുഭവത്തിന്റെ കരുത്തുമായി സംസ്ഥാനത്തെ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ അദ്ദേത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അടിക്കുറിപ്പ്: ഒരംഗമുള്ള പാർട്ടിക്ക് പോലും മന്ത്രിസ്ഥാനം കൊടുക്കുകയാണ് ഞങ്ങൾ എന്ന് ഇടത് മുന്നണി അവകാശപ്പെടുമ്പോൾ ഇവിടൊന്നും കിട്ടിയില്ലെന്ന തങ്ങളുടെ നിലവിളി എന്താ കേൾക്കാത്തതെന്ന് ആർ.ജെ.ഡി ചോദിക്കുന്നുണ്ട്.