
പിലാത്തറ: നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പതിവ് തെറ്റിക്കാതെ ഇത്തവണയും സത്യപ്രതിജ്ഞക്ക് മുമ്പായി ഗുരുനാഥന്റെയും സപ്രവർത്തകരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാൻ ജന്മനാടായ കടന്നപ്പള്ളിയിൽ എത്തി. രാവിലെ ചന്തപ്പുരയിൽ മാതാപിതാക്കളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കണ്ടോന്താർ ഇടമന യു പി.സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന കെ.ദാമോദരനെ കണ്ട് അനുഗ്രഹം വാങ്ങി. തുടർന്ന് കടന്നപ്പള്ളിയിലെ പാർട്ടി ആസ്ഥാനമായ സി.എച്ച്.ഹരിദാസ് സ്മാരക മന്ദിരത്തിൽ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കണ്ട് സംസാരിച്ച് ആശംസകൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. പാർട്ടി ഭാരവാഹികളായ അഡ്വ:കെ.വി.മനോജ് കുമാർ, കെ.വി.ദേവദാസ്, ടി.രാജൻ, പി.പ്രഭാകരൻ, എൻ.പി.ബാലകൃഷ്ണൻ, കെ.കരുണാകരൻ, പി.വി.വിമൽ കുമാർ, എം.അജയൻ, എം.കെ.വിജയൻ, കെ.ആർ.കരുണാകരൻ എന്നിവർ സംബന്ധിച്ചു. സി.പി.എം നേതാക്കളായ കെ.പത്മനാഭൻ, പി.പി.ദാമോദരൻ, ടി.വി.ചന്ദ്രൻ തുടങ്ങിയവരും കടന്നപ്പള്ളിയെ കണ്ട് ആശംസകൾ അറിയിച്ചു.