pazhassi

കണ്ണൂർ : സംസ്ഥാനത്തിന്റെ ഊർജ്ജപ്രതിസന്ധിയ്ക്ക് വലിയതോതിൽ പരിഹാരമായേക്കാവുന്ന പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി അടുത്ത വർഷം കമ്മിഷൻ ചെയ്യും.നാലുമാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ സൂചിപ്പിച്ചു .

2024 ഏപ്രിലിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാനുളള ഒരുക്കത്തിലാണ് നിർമ്മാണ കമ്പനി.തുരങ്കത്തിനുള്ളിലൂടെ വെള്ളം പമ്പ് ചെയ്യിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് കൊണ്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ആദ്യത്തെ പദ്ധതി ആണ് പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി .2022 ഓടെ കമ്മീഷൻ ചെയ്യേണ്ട പ്രവൃത്തിയാണ് ഇത്രയും കാലതാമസം എടുത്തത്. 2017ൽ ആയിരുന്നു പ്രവൃത്തി ആരംഭിച്ചത്.

ജലസംഭരണിയിൽ നിന്നും പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കം പൂർത്തിയായിട്ടുണ്ട്. ഇതിൽ സ്റ്റീൽ ലൈനിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ് .

പ്രളയം ചതിച്ചു

കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ കരാർ ഏറ്റെടുത്തത് തമിഴ്‌നാട് കമ്പനിയായ ആർ.എസ്.ഡെവലപ്പേഴ്‌സാണ്.വെള്ളം കയറാനുള്ള സാദ്ധ്യത മുന്നിൽ കാണാതെ കുറഞ്ഞ നിരയ്ക്കിൽ കെ.എസ്.ഇ.ബിയിൽ നിന്നും കരാർ ഏറ്റെടുത്തത് വഴി കമ്പനിയ്ക്ക് വലിയ തിരിച്ചടിയാവുകയായിരുന്നു.ഒരു വർഷത്തോളം നിർമ്മാണം നടന്നില്ല. രണ്ട് പ്രളയങ്ങളിലും വെള്ളംകയറി ഉണ്ടായ അധിക പ്രവൃത്തിക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകണമെന്നും എസ്റ്റിമേറ്റ് തുക പുതുക്കി നൽകണമെന്നുമുള്ള നിർമ്മാണ കമ്പനിയുടെ ആവശ്യം കെ.എസ്.ഇ.ബി തള്ളിയതോടെ കൂടി പ്രവൃത്തി നിലക്കുകയായിരുന്നു.തുടർന്ന് പ്രവൃത്തിയിൽ നിന്ന് ഒഴിവാകുന്നു എന്ന് കാണിച്ച് കെ.എസ്.ഇ.ബി ഡയറക്ടർക്ക് കമ്പനി കത്തു നൽകി. പിന്നാലെ നടന്ന ചർച്ചയിലാണ് കരാർ വ്യവസ്ഥയിൽ മാറ്റം വരുത്താതെ പ്രവൃത്തി തുടരാൻ കമ്പനി തയ്യാറായത്.

പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി

ശേഷി - പ്രതി വർഷം 25.16 മില്യൺ യൂണിറ്റ്

ചിലവ് 79.85 കോടി

മൂന്ന് ടർബൈനുകൾ

നിർമ്മാണം പൂർത്തിയായാൽ പഴശ്ശി ജലസംഭരണിയുടെ വലത് കരയുടെ താഴ്ന്ന ഭാഗത്ത് 2.5 മെഗാവാട്ട് വീതം സ്ഥാപിത ശേഷിയുള്ള മൂന്ന് ഹോറിസോണ്ടൽ കപ്ലാൻ ടർബൈനുകളും ജനറേറ്ററുകളും സ്ഥാപിച്ച് ഉദ്പ്പാദനം തുടങ്ങും.ഉത്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂർ,​കുയിലൂർ 33 കെ .വി സബ് സ്റ്റേഷനിൽ എത്തിച്ച് വിതരണശൃംഗല വഴി ഉപയോഗപ്പെടുത്തും.