
പയ്യന്നൂർ: കാപ്പാട്ട് കഴകത്തിൽ 28 വർഷത്തിന് ശേഷം ഫെബ്രവരി 25 മുതൽ ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന്,
കാപ്പാട്ട് ഭഗവതിയുടെ പന്തൽ മംഗലത്തിന് നാട്ടുകൂട്ടത്തെ ക്ഷണിക്കാനിറങ്ങിയ നാട്ടെഴുന്നള്ളത്തിന് തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ രാജോചിത വരവേൽപ്പ്.
യാദവ സമുദയത്തിന്റെ കഴകമായ കാപ്പാട്ട് കഴകത്തിലെ സഹോദരി സങ്കൽപ്പമാണ് ശാലിയ സമുദായ ക്ഷേത്രമായ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം. നാട്ടെഴുന്നളളത്തിന്റെ ആറാം ദിവസമാണ് അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലേക്ക് നാട്ടെഴുന്നള്ളത്ത് പുറപ്പെട്ടത്. പുള്ളി ഭഗവതിയുടെ കോയ്മ തറവാടായ തെരു സാമന്തൻ അഷ്ടമച്ചാൽ പുതിയ ഇടത്തിലെ കൊട്ടിലിൽ എഴുന്നള്ളത്ത് പ്രവേശിച്ച് ചടങ്ങുകൾ പൂർത്തിയാക്കി പുള്ളി ഭഗവതിയുടെ കോമരം ഗുരിസി തർപ്പണം നടത്തിയ ശേഷമാണ് അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
മുത്തുക്കുടകളും ആലവട്ടവും വെൺചാമരവും കൈവിളക്കും പാള പന്തവും വാദ്യമേളങ്ങളുമായി ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ചേർന്ന് സ്വീകരിച്ചു. കാപ്പാട്ട് കഴകത്തിലെ പ്രതിപുരുഷന്മാർ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലെ കൊട്ടിലിനകത്ത് പ്രവേശിച്ച് കന്നിമൂലയ്ക്കുള്ള സ്തംഭ പ്രതിഷ്ഠയ്ക്ക് മുന്നിൽ തൊഴുത് വണങ്ങി പുറത്തേക്ക് ഇറങ്ങിയതിന് ശേഷം അഷ്ടമച്ചാൽ ക്ഷേത്ര സ്ഥാനീകർക്കും ക്ഷേത്രത്തിൽ തടിച്ച് കൂടിയ ഭക്ത ജനങ്ങൾക്ക് മഞ്ഞൾ കുറി പ്രസാദം നൽകി കാപ്പാട്ട് ഭഗവതിയുടെ പന്തൽ മംഗലത്തിന് ക്ഷണിച്ചു. അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലെ ആതിഥ്യം സ്വീകരിച്ച് മടങ്ങിയ നാട്ടെഴുന്നള്ളത്തിനെ ക്ഷേത്രക്കുളം വരെ ആചാര സ്ഥാനീകരും വാല്യക്കാരും സ്ത്രീകളും കുട്ടികളും പരമ്പരാഗത രീതിയിൽ അനുഗമിച്ച് യാത്രയാക്കി.