kozhi
ചെളി വെള്ളത്തിൽ മുങ്ങിയ കോഴിക്കൂടും ചത്ത കോഴികളും

തളിപ്പറമ്പ്: വാട്ടർ അതോറിറ്റി ജലസംഭരണി ഓപ്പറേറ്ററുടെ അനാസ്ഥയിൽ പ്രദേശവാസികൾ ദുരിതത്തിലായി. ആടിക്കുംപാറയിലെ കൂറ്റൻ ജലസംഭരണിയിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി സമീപത്തെ നിരവധി വീടുകളെ അപകടത്തിലാക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ജലസംഭരണിയിൽ വെള്ളമെത്താനുള്ള വാൾവ് ഓപ്പറേറ്റർ തുറന്നിടുകയായിരുന്നു. സംഭരണിയിൽ വെള്ളം നിറഞ്ഞാൽ വാൾവ് ഓഫാക്കണം. എന്നാൽ ഓപ്പറേറ്റർ ഉറങ്ങിപ്പോയതോടെ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകി. ആടിക്കുംപാറയിലെ കുന്നിൻമുകളിലാണ് ജലസംഭരണി. സംഭരണിയിൽ വെള്ളം നിറഞ്ഞാൽ ഒരു പൈപ്പിലൂടെ ഭൂമിക്ക് അടിയിലേക്കാണ് ഒഴുകിപ്പോവുക. അതിനാൽ വെള്ളം നിറഞ്ഞ് പുറത്തേക്ക് പോകുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടുകയില്ല.

ഭൂമിക്ക് അടിയിലേക്ക് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഒഴുകിയെത്തിയതോടെ അത് പ്രദേശത്ത് പലയിടത്തേക്കും വ്യാപിച്ച് റോഡിൽ കൂറ്റൻ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു. ജലം റോഡിലൂടെ നിറഞ്ഞൊഴുകി മണ്ണും ചരലുമുൾപ്പെടെ സമീപത്തെ വീടുകളിലെത്തി. മുൻ പ്രവാസിയായ ചപ്പാരപ്പടവ് ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് ഏറ്റവുമധികം നാശം സംഭവിച്ചത്. ഇന്റർലോക്ക് ചെയ്‌ത മുറ്റത്തേക്ക് ചെളി ഒലിച്ചെത്തി. വളപ്പ് മുഴുവൻ വെള്ളം നിറഞ്ഞു.

അടുക്കള ഭാഗത്തുണ്ടായിരുന്ന കോഴിക്കൂട് വെള്ളത്തിൽ മുങ്ങി. അതിനകത്തുണ്ടായിരുന്ന അഞ്ച് കോഴികളിൽ നാലെണ്ണവും ചത്തു. ഇവിടെ നിന്ന് താഴ്‌ചയിലുള്ള സമീപത്തെ രാജേഷ്, വിനോദ് എന്നിവരുടെ വീടുകളിലേക്കാണ് ചെളി നിറഞ്ഞ വെള്ളം ഒഴുകിയെത്തിയത്. അവിടെ നിന്ന് കോൺക്രീറ്റ് മതിലും തകർത്ത് ചെളിയും വെള്ളവും പുറത്തേയ്ക്ക് ഒഴുകി വൻ കുഴി രൂപപ്പെട്ട് അരകിലോ മീറ്ററോളം റോഡ് തകർന്ന നിലയിലാണ്. സമീപത്തെ ഷബീർ, റഷീദ് എന്നിവരുടെ വീടുകളിലും വെള്ളം കയറി. ഇന്നലെ പുലർച്ചെ ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരു യുവാവാണ് ചെളിവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് കണ്ടത്. വിവരം നഗരസഭ കൗൺസിലർ കദീജയെ അറിയിച്ചതിനെ തുടർന്ന് കൗൺസിലർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ജലസംഭരണിയുടെ അടുത്തേയ്ക്ക് പോയപ്പോഴും ഓപ്പറേറ്റർ ഉറങ്ങുകയായിരുന്നു. പിന്നീട് ഇയാളെ വിളിച്ചുണർത്തി വാൾവ് അടപ്പിച്ചു.

അരക്കിലോ മീറ്റർ റോഡ് തകർന്നു

05 വീടുകളിൽ വെള്ളം കയറി

കോഴിക്കൂട് വെള്ളത്തിൽ മുങ്ങി 4 എണ്ണം ചത്തു
വീട്ടുമതിലുൾപ്പെടെ തകർന്നു