take-a-break

ആലക്കോട്: മലയോര മേഖലയുടെ വ്യാപാരകേന്ദ്രമായ കരുവൻചാൽ ടൗണിൽ എത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ പ്രഖ്യാപനം കഴിഞ്ഞ് നാലാം വർഷത്തിലും തുറന്നുകൊടുക്കാനായില്ല.മാസങ്ങൾക്ക് മുമ്പെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോഴും ഉപയോഗപ്പെടാതെ പോകുന്നത്.
നടുവിൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട കരുവൻചാൽ ടൗണിൽ ദിവസേന എത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങൾ പോലും ഇതുവരെ ഒരുക്കാനായിട്ടില്ല ഇല്ല. ഇത് പരിഗണിച്ചാണ് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കരുവൻചാൽ പാലത്തിനോടു ചേർന്ന് ടേക്ക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് തീരുമാനിച്ചത്. തറക്കല്ലിടൽ കഴിഞ്ഞ് അധികം വൈകാതെ പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായി പിന്നൂട് മൂന്ന് വർഷത്തോളം പദ്ധതിക്ക് അനക്കമുണ്ടായില്ല.കഴിഞ്ഞ വേനൽക്കാലത്ത് കരുവൻചാൽ പാലത്തിനോടു ചേർന്ന് പുഴയുടെ പുറമ്പോക്ക് വക സ്ഥലത്ത് കംഫർട്ട് സ്റ്റേഷൻ നിർമ്മാണം തുടങ്ങി. കെട്ടിടം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല.

ഉറപ്പില്ലാത്ത മണ്ണിൽ പണിത കെട്ടിടം ബലപ്പെടുത്തുന്ന പ്രവൃത്തി കൂടി പൂർത്തിയാക്കിയായാൽ മാത്രമെ തുറന്നുകൊടുക്കാൻ കഴിയുകയുള്ളുവെന്നാണ് ഇതിനുള്ള വിശദീകരണം.ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടം നിർമ്മിച്ചിട്ടും പൊതുജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്തത് കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്.