
പിടിയിലായത് നീലേശ്വരത്ത് നിന്ന്
കണ്ണൂർ: നിരവധി വീടുകളിൽ നിന്ന് സ്വർണാഭരണം കവർന്നതടക്കമുള്ള കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി .കാഞ്ഞങ്ങാട് സ്വദേശി ഗാർഡർവളപ്പിൽ പി.എച്ച്.ആസിഫിനെയാണ് (21) കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു മോഹനനും സ്‌ക്വാഡും നീലേശ്വരത്ത് വച്ച് പിടികൂടിയത്.കഴിഞ്ഞ 24 ന് പള്ളിക്കുന്ന് പന്നേൻപാറ റെയിൽവേ ഗേറ്റിന് സമീപമുള്ള വീട്ടിൽ നിന്ന് പതിനെട്ടര പവൻ കവർന്ന കേസിലും പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ സമീപത്തെ ഒരു വീട്ടിൽ നിന്ന് പതിനൊന്നര പവൻ കവർന്ന കേസിലുമാണ് അറസ്റ്റ്.
പന്നേൻപാറയിലെ വീടിന്റെ വർക്ക് ഏരിയയുടെ വാതിൽ പൊളിച്ച ശേഷം അടുക്കളവാതിലും തുറന്ന് കിടപ്പുമുറിയിലെ അലമാരയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. പാപ്പിനിശ്ശേരിയിൽ വീടിന്റെ മുൻവശത്തെ വാതിൽ പൂട്ട് പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണം കവർന്നത്. ഇവിടെ നിന്ന് വിലപിടിപ്പുള്ള വാച്ചും ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന പണവും ഈയാൾ മോഷ്ടിച്ചു. കഴിഞ്ഞ 23നാണ് വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഈ കേസ് രജിസ്റ്റർ ചെയ്തത്.
ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തും;
രാത്രിയിലെത്തി കുത്തിത്തുറക്കും
കണ്ണൂർ,കാസർകോട് ജില്ലകളിലായി 12 വീടുകളിൽ മോഷണം നടത്തിയ പ്രതിയാണ് ഇയാൾ.പയ്യന്നൂർ, പഴയങ്ങാടി, ചന്തേര, ചീമേനി, നീലേശ്വരം, ഹോസ്ദുർഗ്, കാസർകോട് എന്നി സ്റ്റേഷൻ പരിധികളിലായാണ് ഈ കേസുകൾ .റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി വാതിൽ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് രീതി.സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം ശേഖരിച്ച വിരലടയാളവും ശാസ്ത്രീയ തെളിവുകളും, സി.സി. ടി.വികളും, കണ്ണൂർ സൈബർ സെൽ ടീമിന്റെ സഹായത്തോടെ സി.ഡി.ആർ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയിലേക്ക് എത്തിച്ചേരാനായത്.എസ്.ഐമാരായ ഷമീൽ, സവ്യ സച്ചി, എം.അജയൻ ,എ.എസ്.ഐമാരായ സംജിത്, സി രഞ്ജിത്ത് , എസ്.സി.പി.ഒമാരായ കെ.പി.രാജേഷ് , ഷൈജു, സി.പി.ഒ നാസർ , റമീസ്,സനൂപ്,ഷിനോജ്, ബാബു മണി എന്നിവരടങ്ങിയ സ്‌ക്വാഡാണ് ആസിഫിനെ കുടുക്കിയത്.
റിക്കിയുടെ നീക്കം നിർണ്ണായകമായി
സ്‌ക്വാഡിനെ സഹായിക്കുന്നതിന് വേണ്ടി കെ9 സ്‌ക്വാഡിലെ റിക്കി എന്ന പൊലീസ് നായയും ഉണ്ടായിരുന്നു. റിക്കിയുടെ അതിസമർത്ഥമായ നീക്കങ്ങളിലൂടെ പ്രതിസഞ്ചരിച്ച വഴികൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞു.പൊലീസിനെ കണ്ട് പ്രതി റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയെങ്കിലും സ്‌ക്വാഡ് അംഗങ്ങൾ വിടാതെ പിന്തുടർന്ന് ട്രാക്കിൽ നിന്ന് സാഹസികമായാണ് ആസിഫിനെ പിടികൂടുകയായിരുന്നു.