railway

അമൃത് ഭാരത് പദ്ധതി പയ്യന്നൂർ സ്റ്റേഷൻ നവീകരണത്തിന് നൽകിയത് 31.12 കോടി

പയ്യന്നൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വിശാലമായ പാർക്കിംഗ് കേന്ദ്രം ഒരുങ്ങുന്നു.റെയിൽവേയുടെ അധീനതയിലുണ്ടായിരുന്ന നാലേക്കർ സ്ഥലത്താണ് പാർക്കിംഗ് ഏരിയ ഒരുങ്ങുന്നത്. ഒരേസമയം 2500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 31.12 കോടിയാണ് പയ്യന്നൂർ സ്റ്റേഷൻ വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്.ആദ്യഘട്ട വികസനത്തിനുശേഷം നിലവിലെ സ്റ്റേഷൻ കെട്ടിടം നവീകരിക്കും. ഉയരവിളക്കുകളും സ്ഥാപിക്കും.

പാർക്കിംഗ് കേന്ദ്രത്തിനായി ഇവിടെയുള്ള നിരവധി മരങ്ങളും പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളും പൊളിച്ചു നീക്കിയിട്ടുണ്ട്. റോഡിന്റെ അതേ ഉയരത്തിൽ മണ്ണിട്ടുയർത്തുന്ന പ്രവൃത്തി ഏറെക്കുറേ പൂർത്തിയായി.നിലവിൽ സ്റ്റേഷന് തൊട്ടുമുന്നിൽ കാറുകൾക്കായി പേ പാർക്കിംഗ് സൗകര്യം പൂർത്തിയായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി മേൽപ്പാലം വരെയുള്ള സ്ഥലമാണ് മണ്ണിട്ടുയർത്തി പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കുന്നത്.സ്ഥലം പൂർണമായും നികത്തിയാൽ സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന റോഡിന്റെ ഗതി മാറും. ഈ റോഡ് വടക്കുഭാഗത്ത് മേൽപ്പാലത്തിന് സമീപമുള്ള റെയിൽവേയുടെ അതിർത്തിയിലുള്ള കൊപ്ര മില്ലിന് അരികിലൂടെ പടിഞ്ഞാറോട്ട് മാറ്റി തോട്ടിൻകരയിലൂടെ റെയിൽവേ സ്റ്റേഷന് മുന്നിലെ കലുങ്ക് വഴി രാമന്തളി റോഡുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. സ്റ്റേഷനിലേക്ക് മാത്രമായി മറ്റൊരു റോഡും വരുന്നുണ്ട്.ഒൻപത് മീറ്റർ വീതിയിലാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. റെയിൽവേയുടെ കൈവശമുള്ള സ്ഥലം പൂർണമായും പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി.

ഗതാഗതക്കുരുക്കും ഒഴിവാകും
നിരവധി ബസുകളും ചെറുതും വലുതുമായ കണ്ടെയ്‌നർ ലോറികളും പോകുന്നതിനാൽ നിലവിലെ സ്‌റ്റേഷൻ റോഡിൽ ഗതാഗതകുരുക്ക് പതിവാണ്. പുതിയ റോഡ് വരുന്നതോടെ തടസമില്ലാതെ പോകാൻ സാധിക്കും. പാർക്കിംഗ് കേന്ദ്രം പൂർത്തിയായാൽ പയ്യന്നൂർ സ്റ്റേഷൻ മികച്ച സൗകര്യങ്ങളുള്ള സ്റ്റേഷനായി മാറും.