
സിഗ്നൽ തെറ്റിച്ചുള്ള അപകടങ്ങൾ 10%
കണ്ണൂർ:ഡ്രൈവിംഗ് ലൈസൻസിനുള്ള പരിശോധനകൾ കാര്യക്ഷമമാക്കുമ്പോഴും കാഴ്ച പരിശോധനക്ക് ഗൗരവം നൽകാതെ മോട്ടോർ വാഹനവകുപ്പ്. കാഴ്ച്ച പരിശോധനയ്ക്ക് സർക്കാർ തലത്തിൽ ഒരു ഏജൻസി എന്ന സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.കാഴ്ചവൈകല്യമുള്ളവർക്ക് പോലും 200 രൂപ കൊടുത്താൽ കാഴ്ചയ്ക്കുള്ള സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുന്ന അവസ്ഥയാണ് നിലവിൽ. ചില ഡോക്ടർമാരുടെ ഇത്തരം സമീപനം മിക്ക റോഡ് അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്.
കണ്ണ് പരിശോധനക്കായി ഡോക്ടറെ സമീപിച്ചാൽ സ്‌ക്രീനിൽ നോക്കി അക്ഷരങ്ങൾ മാത്രം വായിച്ച് തിരിച്ചുപോന്നാൽ മതിയാകും. ഇത്തരം കാര്യക്ഷമമല്ലാത്ത പരിശോധനയിൽ വർണ്ണാന്ധത പോലുള്ള ഗുരുതര പ്രശ്‌നങ്ങൾ മറച്ചുവെക്കപ്പെടുന്നു.
നിറങ്ങൾ തിരിച്ചറിയുന്നില്ല
കാഴ്ച തകരാറാണ് പൊതുവേ വർണാന്ധത. എല്ലാ നിറങ്ങളും കണ്ണു കൊണ്ട് വ്യക്തമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ വരുന്നവരെ പൂർണമായി വർണാന്ധതയുള്ളവരായാണ് കണക്കാക്കുന്നത്. ഓറഞ്ച്, ബ്രൗൺ തുടങ്ങിയ നിറങ്ങൾ ചുവപ്പായി കാണുന്നതാണ് ചിലരുടെ പ്രശ്‌നം. ചിലർക്ക് പച്ച, മഞ്ഞ, ചുവപ്പ് എന്നിവ പരസ്പരം മാറാം. ഇവരെ ഭാഗികമായി വർണാന്ധത ഉള്ളവരായി കണക്കാക്കും.മറ്റ് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ വർണാന്ധതയ്ക്കുള്ള ചികിത്സയ്ക്ക് ആരും മെനക്കെടാറില്ല. എന്നാൽ റോഡിൽ അങ്ങോളമിങ്ങോളം ട്രാഫിക് സിഗ്‌നലുകൾ ഉള്ളപ്പോൾ സിഗ്‌നലിലെ നിറംമാറ്റം തിരിച്ചറിയാതെ വലിയ അപകടങ്ങൾക്ക് ഇടവരുത്തും.
ട്രാഫിക് സിഗ്നൽ തെറ്റിക്കും
ദിവസവും നടക്കുന്ന അപകടങ്ങളിൽ 10 ശതമാനം ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നത് കൊണ്ടാണെന്നാണ് അധികൃതർ പറയുന്നത്. മറ്റു കാഴ്ച വൈകല്യങ്ങൾ കണ്ടെത്താത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കാഴ്ച കാര്യക്ഷമമല്ലാത്ത ഒരാൾ വാഹനം ഓടിച്ചാൽ 90 ശതമാനത്തിൽ ഏറെ അപകടത്തിന് സാദ്ധ്യത ഉണ്ടെന്ന് ട്രാഫിക് അധികൃതർ പറഞ്ഞു.
കാര്യക്ഷമമാക്കാൻ
കണ്ണ് പരിശോധന സർക്കാർ തലത്തിൽ നടത്തണം
കണ്ണട ശിപാർശ ചെയ്തയാൾ വാഹനം ഓടിക്കുന്നത് കണ്ണട വച്ചാണോയെന്ന് പരിശോധിക്കണം