
കാസർകോട്:കൊവിഡ് വകഭേദം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ കേരള കേന്ദ്ര സർവ്വകലാശാലയിൽ ടെസ്റ്റ് പുനരാരംഭിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് സർവ്വകലാശാലയുടെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിൽ പരിശോധിക്കുന്നത്.
ജില്ലാ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയ ലാബ് ടെക്നീഷ്യൻമാർക്ക് പുറമെ ഗവേഷക വിദ്യാർത്ഥികളുടെ സേവനവും ഇതിനായുണ്ട്. കൊവിഡ് വ്യാപനം അതിരൂക്ഷമായ 2020ലാണ് സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സർവ്വകലാശാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. അതേ വർഷം മാർച്ച് മാസത്തിൽ സ്രവം പരിശോധിക്കുന്നതിനായി സർവ്വകലാശാലക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരം ലഭിച്ചു. ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗം പ്രൊഫസറും വൈറോളജിസ്റ്റുമായ ഡോ. രാജേന്ദ്ര പിലാങ്കട്ടയാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
നാല് ലക്ഷം ആർ.ടി.പി.സി.ആർ പരിശോധന
ഇതുവരെ കൊവിഡ് നിർണയത്തിനുള്ള നാല് ലക്ഷത്തിലേറെ ആർ.ടി.പി.സി.ആർ പരിശോധനകൾ സർവ്വകലാശാല നടത്തിയിട്ടുണ്ട്. കൊവിഡിന്റെ ജനിതക വ്യതിയാനം കണ്ടെത്തുന്നതിനായുള്ള മൂവായിരത്തിലധികം പരിശോധനകളും നടന്നു. മുൻകാലങ്ങളിൽ പ്രതിദിനം 1500 പരിശോധനകൾ വരെ സർവ്വകലാശാലയിൽ നടന്നിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് ഏറെ ആശ്വാസമായിരുന്നു സർവ്വകലാശാലയുടെ ഇടപെടൽ. രോഗ വ്യാപനം കുറഞ്ഞപ്പോഴാണ് പരിശോധന നിർത്തിവച്ചത്. നേരത്തെ കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ സർവ്വകലാശാലയെ ആദരിച്ചിരുന്നു