ജില്ലയിൽ 41 ശതമാനം പ്രവൃത്തി പൂർത്തിയായി

കണ്ണൂർ: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി ജില്ലയിൽ 41 ശതമാനം പ്രവൃത്തി പൂർത്തിയായി. ഇതുവരെ ഭരണാനുമതി ലഭിച്ചതിൽ 1,54,611 വീടുകളിൽ കുടിവെള്ളമെത്തി. ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ 19ാമത് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി 2,00,347 കണക്ഷനുകളാണ് സ്ഥാപിക്കാൻ ബാക്കിയുള്ളത്. ഇവിടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ടിംഗ് അനുമതിക്ക് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്ന് പൊതുമരാമത്ത്, ദേശീയപാത, എൽ.എസ്.ജി.ഡി, കെ.ആർ.എഫ്.ബി, കെ.എസ്.ടി.പി അധികൃതർക്ക് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സബ് കളക്ടറും ജില്ലാ വികസന കമ്മീഷണർ ഇൻ ചാർജുമായ സന്ദീപ് കുമാർ നിർദേശം നൽകി.

ആറളം ആദിവാസി കോളനികളിൽ ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും. പദ്ധതി പുരോഗമിക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സബ് കളക്ടർ യോഗത്തിൽ നിർദേശിച്ചു.
സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024 ഓടുകൂടി ഗാർഹിക കുടിവെള്ള കണക്ഷൻ നൽകി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ജൽജീവൻ മിഷൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മെമ്പർ സെക്രട്ടറിയും എക്സിക്യൂട്ടീവ് എൻജിനിയറുമായ വി. റിജു, സൂപ്രണ്ടിംഗ് എൻജിനിയർ കെ. സുദീപ്, കേരള വാട്ടർ അതോറിറ്റി എൻജിനിയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർമാർ പങ്കെടുത്തു.

20 ഗ്രാമ പഞ്ചായത്തുകളിൽ നൂറു ശതമാനം

20 ഗ്രാമ പഞ്ചായത്തുകളിൽ നൂറു ശതമാനം കുടിവെള്ള കണക്ഷനുകൾ നൽകാനായെന്നും യോഗം വിലയിരുത്തി. അഞ്ചരക്കണ്ടി, മാട്ടൂൽ, കതിരൂർ, രാമന്തളി, ചെറുകുന്ന്, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, പിണറായി, ധർമടം, മുഴപ്പിലങ്ങാട്, പാപ്പിനിശ്ശേരി, ഏഴോം, ചെമ്പിലോട്, ചെറുതാഴം, കടമ്പൂർ, കൂടാളി, പെരളശ്ശേരി, മാടായി, വേങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് സമ്പൂർണമായി കണക്ഷനുകൾ നൽകിയത്. ഇതിൽ 17 എണ്ണം ഹർ ഘർ ജൽ പഞ്ചായത്തുകളായും പ്രഖ്യാപിച്ചു.

1,54,611 വീടുകളിൽ കുടിവെള്ളമെത്തി

ബാക്കിയുള്ളത് 2,00,347 കണക്ഷനുകൾ