
കണ്ണൂർ: ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കാനുള്ള നടപടിക്കെതിരെ ആദിവാസികൾ രംഗത്ത്.നവകേരള സദസ്സിന്റെ ഭാഗമായി നിലവിലുള്ള പട്ടയം റദ്ദാക്കുമെന്നും പുതുതായി 1700 പേർക്ക് പട്ടയം നൽകുമെന്നും മുഖ്യമന്ത്രി ഇരിട്ടിയിൽ പ്രഖ്യാപിച്ചിരുന്നു. നിയമാനുസൃതം പട്ടയം ലഭിച്ചവരുടെ അവകാശങ്ങൾ റദ്ദാക്കി കയ്യേറ്റക്കാർക്ക് പട്ടയം നൽകാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധവും പുനരധിവാസ പദ്ധതിയുടെ ലക്ഷ്യങ്ങൾ അട്ടിമറിക്കുന്നതുമാണെന്നുമാണ് ആറളത്തെ ആദിവാസി വിഭാഗങ്ങളുടെ ആരോപണം.
ദുർബല വിഭാഗമായ പണിയസമുദായത്തെ വംശീയമായി തുടച്ചുനീക്കുന്നതിനും സി പി.എം പിന്തുണയോടെ പാർട്ടി ഗ്രാമമാക്കി ആറളം ഫാമിനെ മാറ്റുന്നതിനുള്ള നീക്കമാണ് ഇതെന്നും ഇവർ ആരോപിച്ചു.2004 ൽ ആദിവാസി പുനരധിവാസത്തിന് ആറളം ഫാം ഏറ്റെടുക്കുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെയും ആദിവാസി പ്രസ്ഥാനങ്ങളുടെയും പരിഗണനയിലുണ്ടായിരുന്ന മുഖ്യവിഷയം ദുസ്സഹമായ ജീവിത സാഹചര്യത്തിൽ നിന്ന് അതിദുർബലരായ പണിയ വിഭാഗത്തിന് ഭൂമി നൽകി പുനരധിവസിപ്പിക്കുക എന്നതായിരുന്നു. 2006ൽ തയ്യാറാക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ ഈ വിഭാഗത്തിന് ആനുപാതികമായ പ്രാതിനിധ്യം ലഭിച്ചിരുന്നു.
എന്നാൽ 2006 മുതൽ പട്ടയം നൽകിയ ആദിവാസികൾക്ക് വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകാനും ആവശ്യമായ കാർഷിക വികസന സംരംഭങ്ങൾ നടപ്പാക്കി ആദിവാസികളെ സംരക്ഷിച്ച് നിർത്തുന്നതിനും സർക്കാരിനു സാധിച്ചില്ലെന്നും ഇവർ പറയുന്നു.ഇതിനോടകം പതിനഞ്ച് ആദിവാസികൾ കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടതും അതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധത്തിലേക്ക്
സർക്കാർ നടപടിക്കെതിരെ ജനുവരി ആദ്യം കളക്ടറേറ്റിനു മുന്നിൽ സമരം ആരംഭിക്കാനാണ് ആദിവാസി സംഘടനകളുടെ തീരുമാനം. 15 പേരുടെ മരണത്തിനു ശേഷം വർഷങ്ങൾക്ക് ശേഷമാണ് ആന മതിൽ നിർമ്മാണത്തിന് പുനരധിവാസ മിഷൻ ഇപ്പോൾ ഫണ്ട് വകയിരുത്തിയത്. ധൂർത്ത് കൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന ആറളം ഫാം കമ്പനിയെ സംരക്ഷിക്കാൻ മാത്രമാണ് സർക്കാർ ട്രൈബൽ ഫണ്ട് ഉപയോഗിച്ചത്. പട്ടയം റദ്ദാക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും കാണിക്കുന്ന തിടുക്കം ആദിവാസി ക്ഷേമത്തിനു വേണ്ടി കാണിച്ചില്ലെന്നും ഇവർ ആരോപിച്ചു.
ആറളം പഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും നിയമസഭാ മണ്ഡലത്തിലും സി.പി.എമ്മിന് അനുകൂലമായ വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. .ആദിവാസികൾക്ക് നൽകുന്ന പട്ടയം അന്യാധീനപ്പെടുത്താൻ നിയമമില്ല. പട്ടയം റദ്ദാക്കാൻ ജില്ലാ ഭരണകൂടത്തിന് യാതൊരു അധികാരവും ഇല്ല.
എം. ഗീതാനന്ദൻ,ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ ഓർഡിനേറ്റർ