
കണ്ണൂർ:മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷും മേയർ അഡ്വ.ടി.ഒ.മോഹനനും തമ്മിൽ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ഭരണപക്ഷവുമായി ഇടഞ്ഞുനിൽക്കുന്ന രാഗേഷ് കടുത്ത വിമർശനമാണ് ഭരണപക്ഷത്തിനെതിരെ ഉയർത്തിയത്.
മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നെറ്റ് വർക്ക് മുഴുവനാക്കാതെ നടത്തുന്ന ഉദ്ഘാടന നാടകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് പി.കെ രാഗേഷ് ആരോപിച്ചത്. എന്തിന് വേണ്ടിയാണ് നാളെ തന്നെ ഉദ്ഘാടനം ചെയ്യുന്നതെന്നായിരുന്നു രാഗേഷിന്റെ ചോദ്യം. മേയർ ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ നിന്നും തന്നെ മനപൂർവം മാറ്റിനിർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോർപറേഷൻ ഭരണസംവിധാനം എല്ലാവരുടെയും താൽപര്യങ്ങൾ പരിഗണിച്ചാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു മേയറുടെ മറുപടി. താനൊഴികെ കൗൺസിലിൽ മേയറുൾപ്പെടെ 54 പേരും വിവരമില്ലാത്തവരാണെന്നാണ് രാഗേഷ് പറഞ്ഞതിന്റെ അർത്ഥമെന്നും മേയർ കുറ്റപ്പെടുത്തി.താളിക്കാവ് കാനത്തൂർ ഡിവിഷനിലെ എല്ലാ വീടുകളെയും ഈ നെറ്റ് വർക്കിലേക്ക് കൊണ്ടുവരണം. ഒരു വീടിന് കണക്ഷൻ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 14000 രൂപ ചെലവ് വരും. ഇത് ജനങ്ങളിൽ നിന്നും ഈടാക്കാതെ കോർപറേഷൻ തന്നെ വഹിക്കാനാണ് തീരുമാനം. അതിനുള്ള നടപടികൾ അന്തിമമായി. കൗൺസിലർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഗേഷിന്റെ നീക്കമെന്നും മേയർ പറഞ്ഞു.
എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് പദ്ധതികൾ വൈകുന്നതിന് പിന്നിലെന്നും മേയർ വിശദീകരിച്ചു.2023 -24 വർഷത്തെ വാർഷിക പദ്ധതികളിൽ പലതും ടെൻഡർ പോലും വിളിക്കാതെ കിടക്കുകയാണ്.ലോകസഭ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നാൽ പിന്നീട് നടപടികളൊന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാകുമെന്നും മേയർ പറഞ്ഞു.ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർ എൻ.സുകന്യ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
റോഡ് വെട്ടിപൊളിച്ചിന് വാട്ടർ അതോറിറ്റിക്ക് വിമർശനം
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ പരിധിയിൽ വിവിധയിടങ്ങളിൽ വെട്ടിപ്പൊളിച്ച പൂർവ്വസ്ഥിതിയിലാക്കാത്തതിന് വാട്ടർ അതോറിറ്റിക്കെതിരെ കൗൺസിലർമാർ വിമർശനം ഉന്നയിച്ചു. ഇതുമൂലം പലയിടത്തും ഗതാഗത തടസം നേരിടുകയാണ്. ടാറിംഗ് പ്രവൃത്തികളും നിലച്ചു. പാസായ ഫണ്ട് നഷ്ടപ്പെടുമെന്ന അവസ്ഥയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.പൈപ്പിടൽ പ്രവൃത്തി പൂർത്തിയായാൽ റോഡ് പൂർവസ്ഥിതിലാക്കുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചത്. പ്രവൃത്തി ഏറ്റെടുത്തതിന് ശേഷം ഉപകരാർ നൽകുന്നതുമൂലമുള്ള കാലതാമസത്തെയും കൗൺസിലർമാർ കുറ്റപ്പെടുത്തി.