aralam

ഇരിട്ടി: ആറളത്തെ പുനരധിവാസമേഖലയുടെ ഉന്നമനത്തിന് സമഗ്ര ഇടപെടൽ ആവശ്യപ്പെട്ട് വനിതാകമ്മിഷൻ. വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി അടക്കമുള്ള സംഘം മേഖലയിൽ സന്ദർശനം നടത്തിയതിന് ശേഷമുള്ള വിലയിരുത്തിലിലാണ് സർക്കാരിന് മുന്നിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയത്.

പട്ടികവർഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം മേഖലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച സതിദേവി യുവതലമുറയ്ക്ക് ആവശ്യമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാൻ പദ്ധതികൾ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. തൊഴിൽസാഹചര്യങ്ങൾ ഒരുങ്ങിയാൽ ഈ മേഖലയുടെ വികസനം മെച്ചപ്പെടും. കമ്മിഷന്റെ സന്ദർശനത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങളും അവയുടെ പരിഹാര നിർദേശങ്ങളും ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അവർ പറഞ്ഞു.

ഇവിടങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് കൂടുതലാണ്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ടെങ്കിലും വീട്ടുകാർ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നില്ല. ഇതുമൂലം പഠനം തന്നെ മുടങ്ങുന്നു.

ഊരുകളിലെ അന്തേവാസികൾക്ക് ത്വക്ക് രോഗങ്ങൾ കൂടുതലാണെന്നത് പരിശോധിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. .ആറളം ഫാമിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളുള്ളതായി കമ്മിഷൻ വിലയിരുത്തി.. ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട നിലവാരം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സതീദേവി വ്യക്തമാക്കി.

അതിദരിദ്രവിഭാഗത്തിൽപെട്ട ഏഴു പേരുടെ വീടുകളും വനിതാ കമ്മിഷൻ സന്ദർശിച്ചു.വാർഡ് ആറിലെ 51ാം നമ്പർ അംഗൻവാടി സന്ദർശിച്ച വനിതാ കമ്മിഷൻ ചെയർപേഴ്സണും മെമ്പർമാരും കുട്ടികളുടെ പഠന സൗകര്യങ്ങൾ, കുട്ടികളുടെ ഹാജർ, ഭക്ഷണ ലഭ്യത തുടങ്ങിയ വിവരങ്ങൾ നേരിട്ടു ചോദിച്ചു മനസിലാക്കി. അധ്യാപിക പി.എസ്. ശിഷിതയും ഹെൽപ്പർ എം. മഹിജയും അംഗൻവാടിയുടെ സൗകര്യങ്ങളും പ്രവർത്തനങ്ങളും വനിതാ കമ്മിഷനു മുൻപാകെ വിശദീകരിച്ചു നൽകി. വനിതാ കമ്മിഷൻ മെമ്പർമാരായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവരും സതീദേവിക്കൊപ്പമുണ്ടായിരുന്നു.

ആറളത്തിന് വേണം സർക്കാർ ഇടപെടൽ

 യുവതലമുറയ്ക്ക് തൊഴിൽ

വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് നിയന്ത്രിക്കണം

വന്യ മൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കണം

ലഹരിനിയന്ത്രണത്തിന് ഡി അഡിക്ഷൻ സെന്റർ

ആറളം പട്ടികവർഗ മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്നത് മികച്ച ഇടപെടലാണ്.സെറ്റിൽമെന്റിൽ 3600 കുടുംബങ്ങൾക്ക് നൽകിയ ഒരു ഏക്കർ ഭൂമിയിൽ കുരുമുളക്, തെങ്ങ്, കവുങ്ങ്, പച്ചക്കറി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നുണ്ട്.കാർഷിക സ്വയംപര്യാപ്തതയിലേക്ക് ആറളം മേഖലയെ എത്തിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തണം.മേഖലയിലെ വർധിച്ച മദ്യപാനവും പുകയില ഉപയോഗവും കണക്കിലെടുത്ത് ഡി അഡിക്ഷൻ സെന്റർ തുടങ്ങുന്നതിന് സംസ്ഥാന സർക്കാരിന് ശിപാർശ നൽകും.മതിയായ വിദ്യാഭ്യാസം ഉറപ്പാക്കി ആറളം മേഖലയിലെ കുട്ടികളെ ഉന്നതനിലവാരത്തിലേക്ക് എത്തിക്കണം. ഗതാഗതം, വഴിവിളക്കുകളുടെ അപര്യാപ്തത എന്നിവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട് -വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി