ശ്രീകണ്ഠപുരം: വളക്കൈ - കൊയ്യം റോഡ് നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. മഴക്കാലത്തിന് മുന്നെ പണി നിർത്തിവച്ചതായിരുന്നു. റോഡിൽ ഭാഗികമായിട്ടാണ് മെക്കാഡം ടാറിംഗ് നടത്തിയത്.

9.9 കിലോമീറ്റർ നീളമുള്ള റോഡിന്റെ വികസനത്തിന് 8.5 കോടി രൂപയാണ് അനുവദിച്ചത്.

വളക്കൈ മുതൽ പാറക്കാടി മില്ല് വരെയും ഇ.എം.എസ്. വായനശാല മുതൽ കൊയ്യം ഖാദി കേന്ദ്രം വരെയുമുള്ള ഭാഗത്ത് ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ബാക്കി ഭാഗം ടാറിംഗ് നടത്തുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ല. ഇതുമൂലം വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്.

വളക്കൈയിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പ മാർഗ്ഗമാണിത്. കൊയ്യം ടൗൺ മുതൽ വേളം വരെയുള്ള റോഡ് പൊട്ടിപൊളിഞ്ഞ നിലയിലാണ്. ഈ ഭാഗത്ത് ഓവുചാൽ നിർമ്മിക്കുന്നതിനും റോഡ് മികച്ച രീതിയിൽ പുനരുദ്ധരിക്കുന്നതിനും 80 ലക്ഷം കൂടി ആവശ്യമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അനുമതി നൽകിയിട്ടില്ല. ഇതു കാരണമാണത്രെ നിർത്തിവച്ച പണി പുനരാരംഭിക്കാത്തത്. കൂടാതെ ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായും മാറ്റാത്തതും പണി നിർത്തി വെക്കാൻ കാരണമായിട്ടുണ്ട്. പോസ്റ്റുകൾ മാറ്റാൻ 14 ലക്ഷം രൂപയാണ് എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുള്ളത്. എന്നാൽ 19 ലക്ഷം രൂപ യുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി അധികൃതർ തയ്യാറാക്കിയത്. രണ്ട് വർഷംമുൻപ് കളക്ടറേറ്റിലേക്ക്

കാളവണ്ടി സമരം ഉൾപ്പെടെനിരവധി തവണ ജനങ്ങൾ പ്രക്ഷോഭം നടത്തിയ സാഹചര്യത്തിലാണ് റോഡ് വികസിപ്പിക്കുന്നതിന് തുക അനുവദിച്ചത്.

യു.ഡി.എഫ് ധർണ്ണ

റോഡിന്റെ പണി ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൊയ്യത്ത് സായാഹ്നധർണ്ണ നടത്തി. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കൊയ്യം ജനാർദ്ദനൻ , എൻ.വി. രമ്യ, പി.ദിനേശൻ എം.കെ രമേശൻ, കെ.പി.ഫായിസ്, എ.കെ.വാസു പ്രസംഗിച്ചു.

അനുവദിച്ചത് 8.5 കോടി

വേളം വരെ തകർന്ന റോഡ്

ഇലക്ട്രിക് തൂണുകൾ മാറ്റിയില്ല

വളക്കൈ - കൊയ്യം റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്ത്വത്തിൽ നടത്തിയ ധർണ്ണ അഡ്വ: സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു