
കണ്ണൂർ: അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യാ മുന്നണിയിൽ വ്യത്യസ്ത പാർട്ടികളുണ്ട്. എല്ലാവർക്കും അവരുടേതായ തീരുമാനവും. മാദ്ധ്യമ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് തൊഴിലില്ലായ്മ രൂക്ഷമായി. കാർഷികോത്പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയിൽ പണം ഇല്ലാതായി. രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ കുറഞ്ഞെന്നും യെച്ചൂരി കുറ്റപ്പെടുത്തി.