poster-1

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ നവംബർ 13നുണ്ടായ തണ്ടർബോൾട്ട് വെടിവെപ്പിൽ കബനി ദളം മുൻ കമാൻഡർ കവിതയെന്ന ലക്ഷ്മി കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. നിലവിൽ കബനി ദളം ഏരിയ സെക്രട്ടറിയായിരുന്നു.

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിൽ പതിച്ച സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലുളള പ്രസ്താവനയിലും പോസ്റ്ററുകളിലുമാണ് മരണം സ്ഥിരീകരിച്ചത്.

വെടിയേറ്റ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയെങ്കിലും

ചികിത്സക്കിടെ മരിച്ചുവെന്നും പശ്ചിമഘട്ടത്തിൽ സംസ്‌കരിച്ചതായും പ്രസ്താവനയിൽ പറയുന്നു. രക്ത കടങ്ങൾ രക്തത്താൽ പകരം വീട്ടും എന്ന മുന്നറിയിപ്പുമുണ്ട്.

2021 ൽ കീഴടങ്ങിയ വയനാട് പുൽപ്പള്ളി സ്വദേശി ലിജേഷ് എന്ന രാമുവിന്റെ ഭാര്യയാണ്.

കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റ് ആയിരുന്നു ലിജേഷ്. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് അനുസരിച്ചുള്ള ആദ്യ കീഴടങ്ങലായിരുന്നു ലിജേഷിന്റേത്.

ആന്ധ്രാപ്രദേശ് റായൽസീമയിലെ ദരിദ്രകുടുംബത്തിൽ ജനിച്ച കവിത വളരെ ചെറുപ്പത്തിൽ തന്നെ മാവോയിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) അംഗമാവുകയും ചെയ്തു.

ഏഴുവർഷത്തിനിടെ

കൊല്ലപ്പെട്ടത് 9 പേർ

പിണറായി സർക്കാറിന്റെ കാലത്ത് തണ്ടർബോൾട്ട് വെടിവെപ്പിൽ കൊല്ലപ്പെടുന്ന ഒൻപതാമത്തെ മാവോയിസ്റ്റാണ് കവിത.

2016 നവം 24: നിലമ്പൂർ കരുളായി വനത്തിലെ ഏറ്റുമുട്ടലിൽ സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജൻ, അജിത

 2019 ഒക്‌ടോ. 28: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ വെടിവയ്പിൽ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക്

2019 മാർച്ച് 6: വയനാട് വൈത്തിരിയിൽ നിലമ്പൂർ സ്വദേശി സി.പി. ജലീൽ

 2020 നവം.3: വയനാട്ടിലെ ബാണാസുര വനമേഖലയിൽ തമിഴ്നാട് സ്വദേശി വേൽമുരുകൻ