she-lodge

രാത്രികാലത്ത് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസസൗകര്യം

കണ്ണൂർ: നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കോർപറേഷൻ നിർമ്മിച്ച ഷീ ലോഡ്ജ് പ്രവർത്തനക്ഷമമായി. ഡെപ്യൂട്ടി മേയർ കെ ഷബീന അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ പത്തിന് മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം നിർവഹിക്കും.. വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം ചിലവിട്ട് കെട്ടിടവും 29 ലക്ഷം ചിലവിട്ട് ഫർണിച്ചർ, ലിഫ്റ്റ് എന്നിവയുമടക്കം ഒരു കോടിയിലധികമാണ് കോർപറേഷൻ ഇതിനായി നീക്കിയത്.

തൊഴിലെടുക്കുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഗുണകരമാകുന്നതാണ് ഈ സംരംഭം. നാല് നിലകളുള്ള കെട്ടിടത്തിലെ മൂന്ന് നിലകളിൽ ഡോർമിറ്ററി സൗകര്യമുണ്ട്. കെട്ടിടത്തിന്റെ വിസ്തീർണ്ണം 336 സ്‌ക്വയർ മീറ്ററാണ് . 45 ബെഡ്ഡുകളാണ് ഉള്ളത്. ഇതിൽ 10 എണ്ണം രാത്രികാലങ്ങളിൽ പെട്ടെന്ന് നഗരത്തിൽ എത്തിച്ചേരുന്നവർക്കായി മാറ്റിവെക്കും. ബാക്കി മാസ വാടകക്ക് നൽകും. ദിവസവാടക 200 രൂപയാണ് .

ഭക്ഷണമുൾപ്പെടെ 8000 രൂപയാണ് മാസവാടക. മേയർ ചെയർമാനായും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനായും കോർപ്പറേഷൻ സെക്രട്ടറി കൺവീനറുമായി 18 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുന്നത്. നാലാമത്തെ നിലയിൽ വനിതകൾക്കുള്ള ഫിറ്റ്നസ്സ് സെന്റർ ഒരുക്കും. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

മൂന്നുനിലകളിൽ ഡോർമിറ്ററി

45 ബെഡുകൾ

₹200ദിവസവാടക

₹8000 മാസവാടക