
പയ്യാവൂർ: റോയൽ ട്രാവൻകൂർ മലബാർ മഹോത്സവത്തിന്റെ ഭാഗമായി പയ്യാവൂർ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെ പയ്യാവൂർ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം നാളെ വൈകുന്നേരം 4 ന് പയ്യാവൂർ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സജീവ് ജോസഫ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അദ്ധ്യക്ഷത വഹിക്കും. വിവിധ കലാ,കായിക മത്സരങ്ങളിൽ വിജയം നേടിയവരെ ആദരിക്കും. കാണികൾക്ക് സൗകര്യപൂർവം മത്സരം കാണാനായി മുപ്പതിനായിരം പേർക്ക് ഇരിക്കാവുന്ന ആധുനിക ഗാലറിയും ബസ് സ്റ്റാൻഡ് പരിസരത്ത് വലുപ്പമേറിയ എൽഇഡി സ്‌ക്രീനുകളും സജ്ജമാക്കിയിട്ടുള്ളതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.പ്രവാസി വ്യവസായി ബെന്നി വാഴപ്പിള്ളിൽ സ്‌പോൺസർ ചെയ്യുന്ന ഒരു ലക്ഷത്തി രണ്ട് രൂപയും പോത്ത് കുട്ടനും മഴുപ്പേൽ ഫാമിലിയുടെ എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാംസ്ഥാനക്കാർക്ക് നൽകുന്നത്.