
കോർപ്പറേഷനിൽ പോർമുഖം തുറന്ന് പി.കെ. രാഗേഷ്
കണ്ണൂർ: മേയർ ടി.ഒ.മോഹനനെതിരെ രൂക്ഷവിമർശനമുന്നയിച്ചും അഴിമതി ആരോപിച്ചും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കോർപറേഷൻ കൗൺസിലറുമായ പി.കെ.രാഗേഷ് . അദാനി ഗ്യാസ് ലൈനിൽ തറവാടക ഒഴിവാക്കിയ സംഭവത്തിൽ മേയർ ടി.ഒ.മോഹനനെതിരെ വിജിലൻസിന് പരാതി നൽകിയെന്ന് സ്ഥിരീകരിച്ച രാഗേഷ് ഇന്നലെ മഞ്ചപ്പാലത്ത് ഉദ്ഘാടനം ചെയ്ത മലിനജല പ്ളാന്റ് പൂർത്തിയായില്ലെന്നും കുറ്റപ്പെടുത്തി.
പദ്ധതി തുകയിൽ നിന്നും എൺപതു ശതമാനം പോലും മേയർ നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാരിൽ നിന്നും ലഭിക്കുന്ന തുക പോലും പരിപൂർണ്ണമായി ചെലവാക്കാൻ സാധിക്കാതെ ഫണ്ടു നഷ്ടപ്പെടുത്തുകയാണ് .മേയറുടെ ഭരണകാലത്ത് നേട്ടമുണ്ടാക്കിയത് അദാനി ഗ്രൂപ്പ് മാത്രമാണ്. ഗ്യാസ് പൈപ്പ് ലൈനിൽ കണ്ണൂർ കോർപറേഷന് ലഭിക്കാമായിരുന്ന ദശകോടി കണക്കിന് രൂപ തറവാടക അദാനി ഗ്രൂപ്പിന് തീറെഴുതി കൊടുത്ത് കോർപറേഷന്റെ തനത് വരുമാനം മേയർ മുടക്കിയെന്നും രാഗേഷ് ആരോപിച്ചു. ഇതിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി മേയർ വികസന നായകനെന്ന വിശേഷണം സ്വയം എടുത്തണിയുകയാണെന്നും രാഗേഷ് കുറ്റപ്പെടുത്തി. പാതിവഴിയിലായ
മലിനജല പ്ലാന്റാണ് ഉദ്ഘാടനം ചെയ്യുന്നത്. കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചല്ല മലിനജല ട്രീറ്റ്മെന്റ് പ്ളാന്റിന്റെ ഉദ്ഘാടനം തീരുമാനിച്ചത്. 25 കോടിയുടെ ഈ പദ്ധതിക്ക് 58 കോടിയുടെ കൺസൾട്ടൻസി ഫീസ് കൊടുക്കണമെന്ന് വാദിച്ചയാളാണ് മേയറെന്നും പി.കെ.രാഗേഷ് ആരോപിച്ചു. 2.5 കിലോമീറ്ററിലധികം പൈപ്പ് ലൈൻ സ്ഥാപിക്കാനിരിക്കെയാണ് ഉദ്ഘാടനം നടത്തിയത്. ലൈനിലെ മുഴുവൻ വീടുകളെയും മറ്റു സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന പൈപ്പ് ലാനിൽ 40 ശതമാനം മലിനജലമെങ്കിലും എത്തിയാൽ മാത്രമേ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളു. ഇതിനെതിരെയും വിജിലൻസിനും ചീഫ് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണവകുപ്പിനും പരാതി നൽകിയിട്ടുണ്ടെന്നും പി.കെ.രാഗേഷ് പറഞ്ഞു.
ബി.ജെ.പിയിലേക്കില്ലെന്നും രാഗേഷ്
സി.രഘുനാഥിന് പിന്നാലെ താനുൾപെടെ ബി.ജെ.പിയിൽ പോകാൻ തയ്യാറായിരിക്കയാണെന്ന മേയറുടെ വാദം ശുദ്ധ കളവാണെന്ന് രാഗേഷ് പറഞ്ഞു.രഘുനാഥ് വിട്ടത് സഹിക്കാവുന്നതിൽ അങ്ങേ അറ്റം സഹിച്ച ശേഷമാണ്. താനും അതേ അവസ്ഥ അനുഭവിച്ചുവെങ്കിലും മരണം വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.