maoist

കണ്ണൂർ: അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ ഏറ്റുമുട്ടലിൽ പരുക്കേറ്റ മാവോയിസ്റ്റ് കവിത (ലക്ഷ്മി 40) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച മാവോയിസ്റ്റുകൾ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ ആറളം വനമേഖലയിൽ പൊലീസും തണ്ടർ ബോൾട്ടും കനത്ത ജാഗ്രതയിൽ.മേഖലയിലെ പൊലീസ് സ്‌റ്റേഷനുകളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

നവംബർ 13ന് നടന്ന ഏറ്റുമുട്ടലിൽ തങ്ങളുടെ സഹപ്രവർത്തക കവിത( ലക്ഷ്മി) രക്തസാക്ഷിയായെന്നും ഇതിന് പകരംവീട്ടുമെന്നും പ്രഖ്യാപിച്ച് ഏറ്റുമുട്ടൽ നടന്നതിന്റെ 45ാം ദിവസമാണ് മാവോയിസ്റ്റുകൾ രംഗത്ത് വന്നത്.മാവോയിസ്റ്റുകളുടെ ഭീഷണി പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. എന്നാൽ കവിത കൊല്ലപ്പെട്ടെന്നത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം തിരുനെല്ലി മേഖലയിൽ കവിതയുടെ മരണം വെളിപ്പെടുത്തി പോസ്റ്റർ പതിക്കാൻ എത്തിയത് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള 6 അംഗ സംഘം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് സ്വദേശിയായ സോമനും സംഘത്തിൽ ഉണ്ടായിരുന്നു. മറ്റു നാലു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഞെട്ടിത്തോട് വനമേഖലയിൽ പട്രോളിംഗിനുപോയ തണ്ടർബോൾട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തുവെന്നാണ് പൊലീസ് നേരത്തെ വെളിപ്പെടുത്തിയത്.തിരിച്ചടിച്ചതോടെ എട്ടംഗ മാവോയിസ്റ്റ് സംഘം ഉൾക്കാട്ടിലേക്ക് ഓടിപ്പോയെന്നുമായിരുന്നു തിവ്രവാദവിരുദ്ധ സേന ഡി.ഐ.ജി പുട്ട വിമലാദിത്യ സംഭവദിവസം വിശദീകരിച്ചത്. സി.പി.മൊയ്തീൻ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ചോരപ്പാടുകൾ കണ്ടെത്തിയതിനാൽ മാവോയിസ്റ്റ് സംഘത്തിലുള്ളവർക്ക് പരിക്കേറ്റിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സാധാരണ പരിക്കേറ്റവരെ കോയമ്പത്തൂരിലോ തിരുനെൽവേലിയിലോ എത്തിച്ചാണ് മാവോയിസ്റ്റുകൾ ചികിത്സ നൽകാറുള്ളത്. എന്നാൽ ഏറ്റുമുട്ടലിന് ശേഷം കനത്ത പൊലീസ് കാവൽ കാരണം സംഘത്തിന് കാടിന് പുറത്തെത്താനായില്ലെന്നാണ് വിവരം. തുടർന്ന് വനത്തിനുള്ളിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.ഏറ്റുമുട്ടലിന് ശേഷം മാവോവാദികൾ ഉൾവലിഞ്ഞ അവസ്ഥയിലായിരുന്നു.

കവിതയ്ക്ക് വെടിയേറ്റത് തലയിൽ?​
കബനീദളം ഏരിയാ സെക്രട്ടറിയും മുൻ കമാൻഡറുമായ കവിതക്ക് ഗുരുതരമായി പരിക്കേറ്റിരിക്കാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. തലയ്ക്ക് വെടിയേറ്റിരിക്കാൻ സാദ്ധ്യതയുണ്ടെന്നും കവിതയ്ക്ക് ചികിത്സ നൽകാനുള്ള സാഹചര്യം മാവോയിസ്റ്റുകൾ തന്നെയാണ് ഇല്ലാതാക്കിയതെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു


കബനിദളം ശോഷിക്കുന്നു
.കവിതയടക്കം 18 പേരാണ് കബനീദളത്തിലും ബാണാസുര ദളത്തിലുമായി കേരളത്തിൽ അവശേഷിച്ചിരുന്ന മാവോയിസ്റ്റുകളെന്നാണ് പൊലീസ് നിഗമനം. മൂന്നുപേർ കഴിഞ്ഞ നവംബറിൽ പിടിയിലായതോടെ അംഗസംഖ്യ 15 ആയി കുറഞ്ഞു. കവിത കൂടി കൊല്ലപ്പെട്ടതോടെ വീണ്ടും എണ്ണം ചുരുങ്ങി.നേരത്തേ കേരളത്തിലും തമിഴനാട്ടിലുമായി കബനീദളം, ബാണാസുര ദളം, നാടുകാണി ദളം, ശിരുവാണി ദളം എന്നീ നാലുദളങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഏറ്റുമുട്ടലുകളെ തുടർന്ന് ശിരുവാണി, നാടുകാണി ദളങ്ങൾ പൂർണമായി നിലച്ചു. ബാണാസുരദളം കബനീ ദളത്തിനോട് ചേർന്നാണ് കണ്ണൂർ, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.


നടപടികളിൽ ദുരൂഹത
നവംബർ 13ന് നടന്ന ഏറ്റുമുട്ടൽ മേഖലയിലേക്ക് പട്രോളിംഗിന് നിയോഗിച്ച തണ്ടർബോൾട്ട് സംഘത്തിനും ഡിവൈ.എസ്.പി റാങ്കിന് മുകളിലുള്ള പൊലീസുകാർക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. തിവ്രവാദവിരുദ്ധ സേന ഡി.ഐ.ജി. പുട്ട വിമലാദിത്യക്കു പുറമെ കണ്ണൂർ റൂറൽ എസ്.പി. എം.ഹേമലതയും ഇരിട്ടി എ.എസ്.പി. തപോഷ് ബസുമതാരിയുമുൾപ്പെടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി.മഹസർ നടപടികൾക്കായി റവന്യൂവകുപ്പിന്റെ സഹായം തേടിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു.