nevel-base

പയ്യന്നൂർ : ഏഴിമല നാവിക അക്കാഡമിയിൽ അതിക്രമിച്ച് കയറുവാൻ ശ്രമിച്ച് പൊലീസ് പിടിയിലായ കാഷ്മീർ സ്വദേശിയായ യുവാവിനെ എൻ. ഐ.എ.യും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്.) ചോദ്യം ചെയ്തു. കൊച്ചിയിൽ നിന്നുമെത്തിയ എൻ.ഐ.എ , ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

സംസ്ഥാന എ.ടി.എസ്. ഉദ്യോഗസ്ഥരും ഈയാളെ ചോദ്യം ചെയ്തു.ഇക്കഴിഞ്ഞ 24ന് ഉച്ചയോടെയാണ് അതീവ സുരക്ഷാ മേഖലയായ നാവിക അക്കാഡമിയുടെ പ്രധാന ഗേറ്റിലൂടെ അതിക്രമിച്ച് കടക്കുവാൻ ശ്രമിച്ച കാഷ്മീർ ബാരാമുള്ള സ്വദേശി ഷെയ്ഖ് മുഹമ്മദ് മുർത്താസിനെ (21) സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പയ്യന്നൂർ പൊലീസിന് കൈമാറിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് സുരക്ഷ നിയമപ്രകാരമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡിലായ പ്രതിയെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഈയാളെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.