drama
ശാസ്ത്രസാഹിത്യ പരിഷത്ത് ഗ്രാമശാസ്ത്ര ജാഥയോടൊപ്പമുള്ള ചോദ്യം നാടകത്തിൽ നിന്ന്

കേളകം: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയോടൊപ്പം അവതരിപ്പിക്കുന്ന 'ചോദ്യം' എന്ന ലഘുനാടകം, വർത്തമാനകാല ഇന്ത്യ നേരിടുന്ന പ്രതിസന്ധി പ്രേക്ഷകർക്കു മുന്നിൽ തുറന്നു കാട്ടുന്നു. കേവലം 20 മിനിറ്റ് മാത്രം ഉള്ള നാടകം ശാസ്ത്ര വിരുദ്ധതയും
ചരിത്ര നിഷേധവും കൊണ്ട് ഇന്ത്യയെ പിന്നോട്ടുവലിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ്‌ ശക്തികളുടെ ശ്രമങ്ങൾ വെളിവാക്കുന്നു.
വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളോട് കലഹിച്ചുകൊണ്ടുതന്നെ, ഉള്ളിൽ മുളപൊട്ടി തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിപ്പിക്കുന്ന നീറുന്ന നിരവധി ചോദ്യങ്ങളാണ് നാടകം പ്രേക്ഷകരിൽ എത്തിക്കുന്നത്. ഒടുവിൽ നമ്മളൊന്നായി ഇന്ത്യയെ വീണ്ടെടുക്കും എന്ന പ്രത്യാശ പകർന്നുകൊണ്ടു നാടകം അവസാനിക്കുന്നു. ഇരുണ്ട യുഗത്തിലേക്ക് തിരികെ നടക്കുന്ന നമ്മുടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ സമാനതകളില്ലാത്ത സൗന്ദര്യവും ഭരണഘടനയുടെ വിശാലതയും അതിരുകളില്ലാത്ത ആശയാവിഷ്കാരത്തിന്റെ സാദ്ധ്യതകളും തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് നാടകം നമ്മെ ഓർമ്മപ്പെടുത്തുന്നു.

നാടക രചനയും സംവിധാനവും ജിനോ ജോസഫും ഗാനരചന എം.എം. സജീന്ദ്രനുമാണ് നിർവഹിച്ചത്‌. സംഗീതം കോട്ടക്കൽ മുരളിയും പാടിയത് രതീഷ് പല്ലവിയും എം.പി. ദേവിയും ഗൗതം കൃഷ്ണയുമാണ്. പേരാവൂർ മേഖലയിൽ അവതരിപ്പിച്ച നാടകത്തിൽ
വി.കെ. കുഞ്ഞികൃഷ്ണൻ, ബിജു നിടുവാലൂർ, സുവർണ, അൻവിത ബിജു, അക്ഷയ് കടന്നപ്പള്ളി എന്നിവരാണ് അഭിനയിച്ചത്. ദീപു ബാലൻ ക്യാപ്റ്റനും ബി.കെ. ശിവൻ മാനേജരുമായ ഗ്രാമശാസ്ത്ര ജാഥയുടെ സമാപനസമ്മേളനം പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ഗീതാനന്ദൻ, എം.പി ഭട്ടതിരിപ്പാട്, പി.കെ സുധാകരൻ, കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.