നാറാത്ത്: കേന്ദ്രം ഭവന പദ്ധതിക്കായി നൽകുന്ന തുകയുടെ അഞ്ചിരട്ടിയിലധികം തുക ലൈഫിലൂടെ വീടുവയ്ക്കാനായി കേരളം നൽകുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 118 വീടുകളുടെ താക്കോൽ കൈമാറ്റവും പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി.എം കുഞ്ഞുമോന് മന്ത്രി ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ എന്നിവർ വിശിഷ്ടാതിഥികളായി. ലൈഫ് ഉപഭോക്താക്കൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വൃക്ഷത്തൈ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, നാറാത്ത് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാണി ചന്ദ്രൻ, കെ.എൻ മുസ്തഫ,വി. ഗിരിജ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.റഷീദ, എം. നികേത്, നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.