കണ്ണൂർ: സിറ്റി റോഡ് ഇമ്പ്രൂവ്‌മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തിന് 16.15 കോടി രൂപയുടെ ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ഒന്നാം ഘട്ടത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ഇതോടെ ഈ റോഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിക്കാനാകും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.
ഇന്നർ റിംഗ് റോഡ്, പട്ടാളം റോഡ്, ജയിൽ റോഡ് എന്നിവയാണ് നവീകരിക്കുന്നത്. റോഡ് നവീകരണത്തിന് ഒപ്പം ഫുട്പാത്ത് നിർമ്മാണം, ലാൻഡ് സ്‌കേപ്പിംഗ്, കാൽനട യാത്രക്കാർക്കുള്ള ടേബിൾ ടോപ്പ് ക്രോസിംഗ്, ട്രാഫിക് സിഗ്നൽ എന്നിവ ഉൾപ്പെടെയാണ് പദ്ധതിയുടെ ആദ്യഘട്ട കോറിഡോർ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്‌മെന്റ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്ത ഒന്നാംഘട്ട പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയിരുന്നു. കണ്ണൂർ നഗരറോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം മാതൃകാപരമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന നിലയിൽ റോഡുകൾ മാറും. കാൽനട യാത്രക്കാർക്ക് കൂടി ഗുണകരമായിട്ടാകും നിർമാണ പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഘട്ടത്തിൽ മന്ന ജംഗ്ഷൻ പുതിയ എൻ.എച്ച് ബൈപ്പാസ്, പൊടിക്കുണ്ട് കൊറ്റാളി റോഡ്, തയ്യിൽ തെഴുക്കില പീടിക റോഡ്, കുഞ്ഞിപ്പള്ളി പുല്ലൂപ്പി റോഡ് എന്നിവയും മൂന്നാം ഘട്ടത്തിൽ ചാലാട് കുഞ്ഞിപ്പള്ളി റോഡ്, മിനി ബൈപ്പാസ് റോഡ്, കക്കാട് -മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷൻ-ജെ.ടി.എസ് റോഡ് എന്നിവയും നവീകരിക്കാനാണ് പദ്ധതി. ഈ ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ നടന്നുവരികയാണ്. പദ്ധതിക്ക് ആകെ 401.467 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.