hospital
കണ്ണൂര്‍ ജില്ലാ ആശുപത്രി

കണ്ണൂർ: ജില്ലാ ആശുപത്രി മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിന് വിവിധ നടപടികൾക്ക് പുതുവർഷത്തിൽ തുടക്കമാകും. ഇന്നു മുതൽ ആശുപത്രി കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കവറുകൾ അടക്കം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടു വരുന്നതും ഉപയോഗിക്കുന്നതും നിരോധിക്കും. രോഗികൾക്കും ജീവനക്കാർക്കും ഇത് ബാധകമാണ്.
ഇളനീരിന്റെ തൊണ്ടുകൾ വലിച്ചെറിയുന്നത് അതിനകത്ത് ഇഴ ജന്തുക്കളും മറ്റും കയറിക്കൂടാനും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനുമെല്ലാം കാരണമാവുകയും സംസ്‌കരണത്തിന് പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇളനീർ തൊണ്ടോടു കൂടി കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്.
ശുചീകരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ അഡ്മിറ്റാവുന്ന രോഗികൾ അടപ്പുള്ള ബക്കറ്റ് കരുതുകയും ഭക്ഷണാവശിഷ്ടങ്ങൾ ഇതിൽ നിക്ഷേപിച്ച് സൂക്ഷിക്കുകയും വേണം. ജീവനക്കാർ നിശ്ചിത സമയത്ത് ഇതു ശേഖരിച്ച് നീക്കം ചെയ്യും. നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അഡ്മിഷൻ സമയത്ത് രോഗികൾക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രി കാന്റീനിൽ നിന്ന് അലുമിനിയം ഫോയിൽ, ഡിസ്‌പോസിബിൾ ഗ്ലാസ് തുടങ്ങിയവയിൽ ഭക്ഷണം പാർസൽ നൽകുന്നത് നിർത്തലാക്കും. ഡി.വൈ.എഫ്.ഐ അടക്കം സന്നദ്ധ സംഘടനകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവം പദ്ധതിയിൽ കറി നൽകുന്നതിന് ഉപയോഗിക്കുന്ന ഫോയിൽ കവർ ഒഴിവാക്കുകയോ, അല്ലാത്ത പക്ഷം ആശുപത്രിയിൽ നിന്ന് ഇവ ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുന്ന പ്രവൃത്തി ഏറ്റെടുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്ക് കത്തു നൽകി. ആശുപത്രി പരിസരത്തെ വ്യാപാര സ്ഥാനപങ്ങൾക്കും തീരുമാനം അറിയിച്ച് കത്ത് നൽകും.
ഒരു രോഗിയുടെ കൂടെ രണ്ടിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കില്ല. അധികം വരുന്നവർക്ക് പാസ് കർശനമാക്കും. രോഗികളും കൂട്ടിരിപ്പുകാരും മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയുന്നതും ശുചിമുറിയിൽ നിക്ഷേപിക്കുന്നതും മറ്റും തടയാനായി പോസ്റ്ററുകൾ പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.