agri

കണ്ണൂരിൽ കുടിശ്ശിക 1.3 കോടി

കണ്ണൂർ: കാർഷിക ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി കർഷകരെ ഷോക്കടിപ്പിക്കുമെന്ന ആശങ്ക തുടരുന്നു. കർഷകർക്ക് വൈദ്യുതി സൗജന്യം എന്ന വാഗ്ദാനത്തിൽ നിന്നും സർക്കാർ പിന്നോട്ടു പോകുകയാണോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. വൈദ്യുതി സൗജന്യമായി നൽകിയതിനു കൃഷിവകുപ്പു നൽകേണ്ട 186.53 കോടി രൂപ കുടിശികയായതോടെ പലയിടങ്ങളിലും കെ.എസ്.ഇ.ബി കർഷകർക്ക് നേരിട്ട് നോട്ടിസ് അയച്ചു തുടങ്ങിയതാണ് ക‌ർഷകരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.

ജില്ലയിൽ 1.3 കോടിയാണ് കുടിശ്ശിക. കെ.എസ്.ഇ.ബിയുടെ കണക്കനുസരിച്ചു സംസ്ഥാനത്ത് 2,58,796 കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകുന്നുണ്ട്. ഇതിന്റെ പണം കൃഷിവകുപ്പാണ് ബോർഡിനു നൽകിയിരുന്നത്. അതാണു വലിയ കുടിശ്ശികയായത്. കൂടുതൽ ഉപയോക്താക്കളുള്ള പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കുടിശ്ശിക. 50 കോടി രൂപയാണു ഇവിടെ കുടിശ്ശിക.

തുടക്കത്തിൽ നെൽക്കർഷകർക്കു മാത്രമായിരുന്ന ആനുകൂല്യം പിന്നീടാണു വ്യാപിപ്പിച്ചത്. അഞ്ചേക്കറിൽ താഴെ കൃഷി ചെയ്യുന്നവർക്കാണു സൗജന്യമായി വൈദ്യുതി നൽകുന്നത്.


വരാനുള്ളത് വേനൽക്കാലം

വേനൽക്കാലത്ത് കൃഷി മുന്നോട്ടു പോകണമെങ്കിൽ പമ്പുസെറ്റുകളുടെ ഉപയോഗം അത്യാവശ്യമാണ്. കണക്ഷൻ വിച്ഛേദിച്ചാൽ അത് വലിയ പ്രഹരമാണ് കർഷകർക്ക് ഉണ്ടാക്കുക. നോട്ടീസ് ലഭിച്ച കർഷകർ ആശങ്കയോടെ കൃഷിഭവനുകളെ സമീപിക്കുന്നുണ്ടെങ്കിലും പ്രശ്നം മേലുദ്യോഗസ്ഥരെ അറിയിക്കുകയല്ലാതെ കൃഷി ഉദ്യോഗസ്ഥർക്കും ഒന്നും ചെയ്യാനില്ല. 25,000 രൂപ വരെയാണു പലരുടെയും കുടിശ്ശിക. 2022 നവംബറിൽ കുടിശ്ശിക വർധിച്ചപ്പോൾ കെ.എസ്.ഇ.ബി. കൃഷിവകുപ്പിനു നോട്ടിസ് നൽകിയിരുന്നു.


കാർഷിക മേഖലയിൽ കെ.എസ്.ഇ.ബി നൽകി വരുന്ന സൗജന്യ വൈദ്യുതി കണക്ഷൻ കുടിശ്ശികയുടെ പേരിൽ വിച്ഛേദിക്കില്ല. കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയിട്ടുണ്ട്. കർഷകർക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. സർക്കാർ ഉടൻ പണമനുവദിക്കും. കുടിശ്ശിക തീർക്കും.

കൃഷി ഡയറക്ടർ