കാഞ്ഞങ്ങാട്: കാസർകോട്- കാഞ്ഞങ്ങാട് സൗത്ത് സംസ്ഥാന പാതയിൽ കൊവ്വൽ പള്ളിയിൽ പണിയുന്ന കൾവർട്ട് നിർമ്മാണം കാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സം നേരിടുന്നു. കൾവർട്ട് നിർമ്മാണം ഒരു ഭാഗത്ത് പൂർത്തിയായതിനാൽ ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുവാൻ മണിക്കൂറുകളോളം കാലതാമസം നേരിടുന്നു. ഇത് രാവിലെയും വൈകുന്നേരങ്ങളിലും ജോലിക്ക് പോകുന്നവർക്ക് സമയനഷ്ടവും വരുത്തിവെക്കുന്നുണ്ട്.
ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്ക്കൂളുകൾ തുറക്കുന്നതിനാൽ സ്ക്കൂൾ ബസുകൾക്കും കുട്ടികൾക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യും.
ഗതാഗത തടസ്സം രൂക്ഷമായതിനാൽ വലിയ വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആറങ്ങാടി വഴി തിരിച്ച് വിട്ട് കാഞ്ഞങ്ങാട് സൗത്തിലേക്ക് എത്തുകയാണെങ്കിൽ ഗതാഗത തടസ്സം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. അല്ലെങ്കിൽ വലിയ വാഹനങ്ങൾ കടന്നു പോകാൻ വൺവേ സംവിധാനം ഒരുക്കിയാൽ ഗതാഗത തടസ്സമൊഴിവാക്കാനാവുമെന്നാണ് ബസ് തൊഴിലാളികളും യാത്രക്കാരും പറയുനത് .ഗതാഗത തടസ്സം ഏറെയും ബാധിക്കുന്നത് രോഗികളെയും കൊണ്ടു പോകുന്ന ആംബുലൻസ് സർവ്വീസിനെയാണ്. ഗതാഗത തടസ്സം നീക്കാൻ ഇവിടെ ട്രാഫിക്ക് പൊലീസ് ഉണ്ടെങ്കിലും ഒരു ഭാഗത്ത് കൂടെ പോകുന്ന വാഹനങ്ങൾ പോയാൽ മാത്രമെ മറ്റു ഭാഗത്തുള്ള വാഹനങ്ങളെ കടത്തിവിടുന്നുള്ളു. ഇതാണ് വാഹനങ്ങൾക്ക് ഗതാഗത തടസ്സം നേരിടുന്നത്.