പിലാത്തറ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് സ്‌ക്കൂട്ടർ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ബേക്കൽ പള്ളിക്കര സ്വദേശിയും ഇപ്പോൾ കടന്നപ്പള്ളി പെട്രോൾ ബങ്ക് ജുമാ മസ്ജിദിന് സമീപം ചേനോത്ത് വീട്ടിൽ താമസക്കാരനുമായ യു.കെ.മുഹമ്മദ് സാദിഖിന്റെ സ്‌ക്കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. മൂന്ന് വീലുള്ള സ്‌ക്കൂട്ടർ ചാർജ് ചെയ്തുവച്ചതായിരുന്നു. ഉച്ചഭക്ഷണം കഴിച്ചശേഷം പയ്യന്നൂരിലേക്ക് പോകാനായി ഒരുങ്ങിക്കൊണ്ടിരിക്കെയാണ് നടുക്കുന്ന ശബ്ദത്തോടെ സ്‌ക്കൂട്ടർ കത്തിയത്. പൊട്ടിത്തെറിയിൽ വീടിന്റെ ചില്ലു ജനാലകൾ തകരുകയും വീട് നിർമ്മാണത്തിനായി സൂക്ഷിച്ച മരം ഉരുപ്പടികൾ കത്തിനശിക്കുകയും ചെയ്തു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും സ്‌ക്കൂട്ടർ പൂർണമായി കത്തിനശിച്ചിരുന്നു. കോമാക്കി കമ്പനിയുടെ സ്‌ക്കൂട്ടർ ഒന്നര വർഷം മുമ്പാണ് 1,10,000 രൂപക്ക് വാങ്ങിയത്. സ്‌ക്കൂട്ടറിൽ ചീര തുടങ്ങിയ പച്ചക്കറികൾ വിൽപ്പന നടത്തുന്നയാളാണ് മുഹമ്മദ് സാദിഖ്.